ചിദംബരം ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ; ഒപ്പം മഞ്ഞുമ്മൽ ബോയ്സ് ടീം വീണ്ടും?

2024 ഫെബ്രുവരി റിലീസായെത്തി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ഈ സർവൈവൽ ത്രില്ലർ ചിത്രം 25 കോടി രൂപ മുതൽ മുടക്കി ഒരുക്കി 240 കോടിയാണ് ആഗോള ഗ്രോസ് ആയി നേടിയത്. മലയാളത്തിൽ നിന്ന് 200 കോടി ആഗോള ഗ്രോസ് നേടുന്ന ആദ്യ ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി.
അതിന് ശേഷം ചിദംബരം ഒരുക്കുന്നു എന്ന പേരിൽ ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഈ ചിത്രങ്ങളിലെ നായകന്മാരായി മലയാളത്തിലെ സൂപ്പർതാരങ്ങൾ മുതൽ തമിഴ് സൂപ്പർതാരം രജനികാന്തിന്റെ വരെ പേരുകൾ ഉണ്ടായിരുന്നു. ഏതായാലും ഏറ്റവും പുതിയതായി പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ചിദംബരം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും നായകൻ മഞ്ഞുമ്മൽ ബോയ്സിൽ പ്രധാന വേഷം ചെയ്ത സൗബിൻ ഷാഹിർ തന്നെയാണ്.
ശ്രീനാഥ് ഭാസി, ചന്ദു സലിം കുമാർ, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ, അഭിരാം, ഖാലിദ് റഹ്മാൻ, വിഷ്ണു രഘു എന്നിവരാണ് സൗബിനൊപ്പം മഞ്ഞുമ്മൽ ബോയ്സിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന പുതിയ ചിത്രത്തിലും മഞ്ഞുമ്മൽ ബോയ്സിലെ മേല്പറഞ്ഞ താരങ്ങളിൽ പലരും ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ തന്നെയാണ് ചിത്രം നിർമ്മിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നു. ജാനേമൻ എന്ന സൂപ്പർ ഹിറ്റ് ബേസിൽ ജോസഫ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച ചിദംബരത്തിന്റെ രണ്ടാം ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് നേടിയ അഭൂതപൂർവമായ വിജയത്തിന് ശേഷം ചിദംബരം ഒരുക്കുന്ന അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിദംബരത്തിന്റെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.