പക്കാ എന്റർടൈനറുമായി ശിവകാർത്തികേയൻ വീണ്ടും; ‘പ്രിൻസ്’ ട്രെയിലർ എത്തി…
ബോക്സ് ഓഫീസിൽ സ്ഥിരതയോടെ മുന്നേറി സ്റ്റാർഡം ഉയർത്തുക ആണ് ഓരോ പുതിയ ചിത്രങ്ങളിലൂടെയും തമിഴ് സൂപ്പർതാരം ശിവകാർത്തികേയൻ. അതുകൊണ്ട് തന്നെ താരത്തിന്റെ അടുത്ത തിയേറ്റർ റിലീസ് ചിത്രമായ പ്രിൻസ് ഇതിനോടകം തന്നെ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം അനുദീപ് കെവി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുക ആണ്.
ശിവകാർത്തികേയൻ എന്ന നടനിൽ നിന്ന് പ്രേക്ഷകർ എന്ത് ആഗ്രഹിക്കുന്നുവോ അത് തന്നെ ഈ ചിത്രത്തിൽ പ്രതീക്ഷിക്കാം എന്ന ഉറപ്പ് നല്‍കിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഒരുപാട് ചിരിച്ച് രസിക്കാൻ ഉള്ള ഒരു ഫൺ ഫില്ലഡ് ചിത്രം എന്ന സൂചന രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ നൽകുന്നു.
ഒരു അധ്യാപകന്റെ വേഷത്തിൽ ആണ് ശിവ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഉക്രേനിയൻ നടി മറിയ ശിവകാർത്തികേയന്റെ നായിക ആയി എത്തുന്നു. ബ്രിട്ടീഷ് യുവതിയായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. ഇരുവരും പ്രണയത്തിൽ ആകുന്നതും ചില പ്രശ്നങ്ങൾക്ക് അത് വഴിവെക്കുന്നതും ഒക്കെ ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. ട്രെയിലർ കാണാം:
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, സുരേഷ് പ്രൊഡക്ഷൻസ്, ശാന്തി ടാക്കീസ് എന്നിവയുടെ ബാനറുകളിൽ നാരായൺ ദാസ് നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ രാം മോഹൻ റാവു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിൻസ് തെലുങ്കിലും തമിഴിലും പുറത്തിറങ്ങും. ഈ ചിത്രത്തിലൂടെ ശിവകാർത്തികേയന്‍ ടോളിവുഡിലും അരങ്ങേറ്റം കുറിക്കും. ശിവകാർത്തികേയൻ, മരിയ റിയാബോഷപ്ക എന്നിവരെ കൂടാതെ സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.