മോഹൻലാലിനൊപ്പം അമൽ ഡേവിസ്; സത്യൻ അന്തിക്കാട് ചിത്രത്തിൽ പ്രേമലു ഫെയിം സംഗീത് പ്രതാപ്

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവ്വം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ അവസാനമോ ജനുവരിയിലോ ആരംഭിക്കുമെന്നാണ് സൂചന.
ഇപ്പോഴിതാ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത് പ്രതാപാണ് ഈ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളിലൊരാൾ. താൻ ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നുള്ള വിവരം സംഗീത് തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് ഈ വിവരം ആദ്യമായി പുറത്തു വിട്ടത്.
മോഹൻലാൽ- സത്യൻ അന്തിക്കാട് യൂണിവേഴ്സിൽ അമൽ ഡേവിസും എന്ന കുറിപ്പോടെയാണ് അഖിൽ സത്യൻ ഈ വാർത്ത പങ്ക് വെച്ചത്. സംസ്ഥാന അവാർഡ് ജേതാവായ ഒരു എഡിറ്റർ കൂടിയാണ് സംഗീത് പ്രതാപ്. സോനു ടി പി തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. അനു മൂത്തേടത്താണ് ചിത്രത്തിന് കാമറ ചലിപ്പിക്കുക. കേരളവും പൂനെയും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എന്നാണ് സൂചന.
ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച സംഗീതയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോൾ ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിംഗ് നടക്കുകയാണ്. പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.