in

“നാഷണൽ അവാര്‍ഡ് വിന്നറുടെ പക്വതയോടെ അല്ലുവിന്‍റെ അഭിനയം, ഫഹദ് പൊളിച്ചടുക്കി”; ‘പുഷ്പ 2’ ആദ്യ പകുതിയുടെ ആദ്യ റിവ്യൂ ഇതാ!

“നാഷണൽ അവാര്‍ഡ് വിന്നറുടെ പക്വതയോടെ അല്ലുവിന്‍റെ അഭിനയം, ഫഹദ് പൊളിച്ചടുക്കി”; ‘പുഷ്പ 2’ ആദ്യ പകുതിയുടെ ആദ്യ റിവ്യൂ ഇതാ!

റിലീസിന് ഇനിയും ഒരു മാസം ബാക്കി നിൽക്കേ സോഷ്യൽ മീഡിയ ഒട്ടാകെ നിറഞ്ഞു നിലയ്ക്കുക ആണ് അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’. ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ആദ്യ പകുതിയുടെ ഡബ്ബിംഗ് പൂർത്തിയായതിന് ശേഷം ചിത്രത്തിനെ കുറിച്ച് അല്ലുവിന്റെ മലയാള ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ് ജിസ് ജോയ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

മലയാളത്തിന്റെ പ്രശസ്ത സംവിധായകനും കൂടിയായ ജിസ് ജോസ് ആണ് വർഷങ്ങളായി അല്ലു അർജുൻ സിനിമകളുടെ മലയാളം പതിപ്പിൽ അല്ലുവിന് സ്ഥിരമായി ഡബ്ബിങ് ചെയ്യുന്നത്. നിലവിൽ പുഷ്പ 2 ആദ്യ പകുതിയുടെ ഡബ്ബിംഗ് പൂർത്തിയായതിന് ശേഷം ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി എന്നും കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്സ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട് എന്നും ജിസ് ജോയ് പറഞ്ഞു. അല്ലുവും ഫഹദ് ഫാസിലും ഉലപ്പെടയുള്ള താരങ്ങളുടെ പ്രകടനത്തെയും ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ജിസ് ജോയുടെ വാകുകൾ ഇങ്ങനെ: ”നിങ്ങളെപോലെ തന്നെ ‘പുഷ്പ 2’ വരാൻ കാത്തുകാത്തിരിക്കുകയായിരുന്നു ഞാനും. ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. പുഷ്പ 2ന്‍റെ ഡബ്ബിങ് ഫസ്റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കൻഡ് ഹാഫ് ഡബ്ബിങ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്. എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണൽ അവാര്‍ഡ് വിന്നർ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്‍റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്സ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീൻ പ്ലേ, നല്ല പാട്ടുകള്‍. രശ്മിക മന്ദാനയുടെ അഭിനയം, സുകുമാര്‍ സാറിന്‍റെ ഡയറക്ഷൻ, മികവുറ്റ സിനിമാറ്റോഗ്രാഫി എല്ലാം എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ഇ ഫോര്‍ എന്‍റർടെയ്ൻമെന്‍റ്സിലൂടെ മുകേഷ് മേത്തയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സെക്കൻഡ് ഹാഫ് ഡബ്ബിങിന് ശേഷം പുതിയ അപ്‍ഡേറ്റുമായി വീണ്ടും വരാം”.

ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കുന്ന ‘പുഷ്പ 2’ ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്സ്. വാണിജ്യ വിജയങ്ങൾക്ക് പുറമെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ വലിയ പ്രതീക്ഷയിൽ ആണ് ലോകമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകർ. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് വിതരണാവകാശം സ്വന്തമാക്കിയ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത ഇതിനകം അറിയിച്ചിട്ടുണ്ട്.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അണിയറപ്രവർത്തകരുടെ വിവരങ്ങൾ: നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ. ഡിസംബർ 5 ന് ആണ് ചിത്രത്തിന്റെ റിലീസ്.

ദേവ് മോഹനും ‘വാഴ’യിലെ പിള്ളേരും ഒന്നിക്കുന്ന ‘പരാക്രമം’ നവംബർ അവസാനം റിലീസിന്; പുതിയ പോസ്റ്റർ പുറത്ത്

ലക്കി ഭാസ്‌കറിലൂടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ; തെലുങ്കിൽ അപൂർവ്വ നേട്ടവുമായി ചരിത്രമെഴുതി ദുൽഖർ സൽമാൻ…