പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആരാധകരെ ആവേശം കൊള്ളിച്ച വമ്പൻ അപ്‌ഡേറ്റുകൾ ഇതാ…

മലയാളത്തിന്റെ യുവസൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ 42 ആം ജന്മദിനം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവർത്തകരും അദ്ദേഹത്തിന് ആശംസകളുമായി മുന്നോട്ടു വരികയും ചെയ്തു. ജന്മദിന സ്പെഷ്യലായി തന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്ന 4 വമ്പൻ അപ്‌ഡേറ്റുകളാണ് ഇന്ന് പൃഥ്വിരാജ് പുറത്ത് വിട്ടത്.
അതിൽ ഏറ്റവുമാദ്യം വന്നത് മോഹൻലാൽ നായകനായ എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ്. പൃഥ്വിരാജ് സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ വലം കൈയ്യായ മാസ്സ് കഥാപാത്രത്തിനാണ് പൃഥ്വിരാജ് ജീവൻ പകരുന്നത്. എമ്പുരാന് പിന്നാലെ ജയൻ നമ്പ്യാർ ഒരുക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്ററാണ് പുറത്തു വന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന്റെ കിടിലൻ ലുക്കിലുള്ള ഒരു ചിത്രമാണ് പോസ്റ്ററിലൂടെ പുറത്ത് വന്നത്. അടുത്ത വർഷം സമ്മറിൽ എമ്പുരാനും വിലായത്ത് ബുദ്ധയും പ്രേക്ഷകരുടെ മുന്നിലെത്തും. മൂന്നാമതായി എത്തിയത്, ഗുരുവായൂരമ്പല നടയിൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ്- വിപിൻ ദാസ് ടീമൊന്നിക്കുന്ന സന്തോഷ് ട്രോഫിയുടെ പ്രഖ്യാപനമായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതിനു പിന്നാലെ വൈശാഖ് സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ചിത്രമായ ഖലീഫയുടെ പുത്തൻ പോസ്റ്ററും, ചിത്രം ഉടൻ ആരംഭിക്കുമെന്ന വിവരവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
പൃഥ്വിരാജ് നായകനാവുന്ന കാളിയൻ എന്ന ബ്രഹ്മാണ്ഡ പീരീഡ് ആക്ഷൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, സലാർ 2 ഒരുക്കുന്ന ഹോംബാലെ ഫിലിംസും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. കൂടാതെ, റീ റിലീസിന് ഒരുങ്ങുന്ന അമൽ നീരദ് സംവിധാനം ചെയ്ത അൻവറിന്റെ ഒരു സ്പെഷ്യൽ പോസ്റ്ററും പുറത്തുവന്നിരുന്നു.