212 ദിവസങ്ങളോളം ഷൂട്ടിംഗ്, ‘കത്തനാർ’ പ്രധാന ഘട്ടം പിന്നിട്ടു; കേരളാ ഷെഡ്യൂൾ പാക്കപ്പിന് ശേഷം ടീം ഇനി ഇറ്റലിയിലേക്ക്

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ‘കത്തനാർ: The Wild Sorcerer’ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള പ്രൊജക്റ്റുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം. 18 മാസങ്ങൾ നീണ്ട 212 ദിവസങ്ങളോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം, ചിത്രം അതിന്റെ പ്രധാന ഘട്ടം പൂർത്തിയാക്കിയിരിക്കകയാണ് ഇപ്പോൾ. കേരളത്തിലെ എല്ലാ ഷെഡ്യൂളുകളും പൂര്‍ത്തിയാക്കിയ ശേഷം, ഇനി ടീം ഇറ്റലിയിലേക്ക് പോകുകയാണ്.
ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലറിലൂടെ തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ബോളിവുഡ് താരം നിതീഷ് ഭരദ്വാജ്, പ്രഭുദേവ എന്നിവരും ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഇത്രയും കാലം കൂട്ടായി നിന്ന മുഴുവൻ ടീമിനോടും, പ്രത്യേകിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലനോടും, തന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികൾ മറികടന്ന്, ഹോളിവുഡ് സ്റ്റാൻഡേർഡിൽ ഒരു സിനിമ നിർമിക്കാൻ ഗോകുലം സാറിന്റെ വലിയ ഇടപെടൽ തന്നെയാണ് ഈ പ്രോജക്റ്റിനെ ഇത്രയും ഉയർച്ചകളിലേക്ക് കൊണ്ടെത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ നായകനായ ജയസൂര്യയുടെ പ്രതിബദ്ധതയേയും കൃഷ്ണമൂർത്തി പ്രത്യേകിച്ച് പ്രശംസിച്ചു. “സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വര്‍ഷങ്ങളായി സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”, എന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.
ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫർട്ട് ഇടുന്ന നാഷണൽ അവാർഡിലൂടെ സങ്കേതികമായി തന്റെ പ്രാഗൽഭ്യം തെളിയിച്ച ഡയറക്ടർ റോജിൻ തോമസ്, മുതൽ ഛായാഗ്രാഹകൻ നീൽ ഡി. കുഞ്ഞ, നിർമ്മാണ ഡിസൈനർ രാജീവൻ, എഴുത്തുകാരൻ രാമാനന്ദ്, P.R.O മാരായ വാഴൂർ ജോസ് & ശബരി എന്നിവർ മുതൽ ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ വരെയുള്ളവരുടെ സംഭാവനകളും ശ്രദ്ധേയമാണ് എന്ന് കൃഷ്ണമൂർത്തി പറഞ്ഞു.
ഈ ചിത്രത്തിന്റെ പ്രധാന ഘട്ടം പൂർത്തിയാക്കിയതോടെ, ഇനി 12 ദിവസത്തെ അന്താരാഷ്ട്ര ഷെഡ്യൂൾ ഇറ്റലിയിലെ റോമിൽ നടക്കാനിരിക്കുകയാണ്. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം ചിത്രത്തിന് പാൻ-ഇന്ത്യ തലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടാൻ കരുത്താകും എന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ, കത്തനാർ കേരളത്തിലെ പ്രേക്ഷകർക്ക് മാത്രമല്ല, ലോകമെമ്പാടും പ്രേക്ഷകരെയും ആകർഷിക്കുമെന്നത് തീർച്ച.