ഗൾഫിലും ‘പത്താൻ’ തീ മാസ്; ‘ബാഹുബലി 2’വിന്റെ റെക്കോർഡ് തകർന്നു…

കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ റിലീസായ ‘പത്താൻ’ ലോകമെമ്പാടും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രകടനം പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട്. വെറും 12 ദിവസം കൊണ്ട്, ബാഹുബലി 2 സ്ഥാപിച്ച റെക്കോർഡ് ഈ ഷാരൂഖ് ഖാൻ ചിത്രം മറികടന്നിരിക്കുകയാണ്. ഇതോടുകൂടി ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി പത്താൻ മാറിയിരിക്കുകയാണ്.
11.42 മില്യൺ ഡോളർ (94 കോടി രൂപ) ആണ് 12 ദിവസം കൊണ്ട് പത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാരികൂട്ടിയത്. യുഎഇയിൽ നിന്ന് മാത്രം 6.65 മില്യൺ ഡോളർ (₹55 കോടി) ആണ് പത്താന് ലഭിച്ചത്. മറ്റ് ജിസിസിയിൽ നിന്ന് 4.77 മില്യൺ ഡോളറും (₹39 കോടി) പത്താൻ നേടി. ബാഹുബലി 2 വിന്റെ 10.47 മില്യൺ ഡോളർ എന്ന കളക്ഷൻ ആണ് പത്താൻ മറികടന്നത്.
ബജ്രംഗി ഭായ്ജാൻ ($9.45M), ദംഗൽ ($8.80M), സുൽത്താൻ ($8.57M), ദിൽവാലെ ($8.41M), KGF ചാപ്റ്റർ 2 ($8.15M), ടൈഗർ സിന്ദാ ഹേ ($7.17M), ധൂം 3 ($6.43M) എന്നിവയാണ് പത്താന് പിന്നിൽ സ്ഥാനപിടിച്ച ചിത്രങ്ങൾ. ടോപ്പ് 10ൽ ഇടം നേടിയ ഒരേ ഒരു മലയാള ചിത്രമായ ലൂസിഫർ പത്താന്റെ വരവോട് കൂടി പതിനൊന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. തമിഴ് സിനിമകൾക്ക് പോലും സ്ഥാനമില്ലാത്ത ലിസ്റ്റിൽ 5.72 മില്യൺ ഡോളർ വാരി കൂട്ടിയാണ് ലൂസിഫർ 2019ൽ ചരിത്രമെഴുതിയത്.
ടൈഗർ ഫ്രാഞ്ചൈസിയിലെ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു പത്താൻ. യഷ് രാജ് ചോപ്രയുടെ സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ‘പത്താനി’ൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ടൈഗർ ഫ്രാഞ്ചൈസി, പത്താൻ എന്നിവ കൂടാതെ ഹൃതിക് റോഷന്റെ വാർ ഫ്രാഞ്ചൈസിയും സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്. ഓരോ കളക്ഷൻ റിപ്പോർട്ടുകൾ വരുമ്പോളും പത്താന്റെ ശക്തമായ മുന്നേറ്റമാണ് വെളിവാകുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ബാഹുബലി 2വിന്റെ റെക്കോർഡ് മറികടക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.