in

ചാക്കോച്ചന്റെ അസാധ്യ പ്രകടനം, രസിപ്പിച്ചും ചിന്തിപ്പിച്ചും ‘ന്നാ താൻ കേസ് കൊട്’; റിവ്യൂ…

ചാക്കോച്ചന്റെ അസാധ്യ പ്രകടനം, രസിപ്പിച്ചും ചിന്തിപ്പിച്ചും ‘ന്നാ താൻ കേസ് കൊട്’; റിവ്യൂ…

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുക ആണ്. ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത കൊണ്ടും നായകൻ കുഞ്ചോക്കോ ബോബന്റെ മേക്കോവറിനാലും ഒക്കെ വളരെയധികം ജനശ്രദ്ധ നേടിയ ചിത്രം ഗാനം റിലീസ് ആയപ്പോൾ ‘വൈറൽ ഡാൻസ്’ മൂലവും വമ്പൻ ട്രെൻഡ് ആയി മാറിയിരുന്നു. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പോസ്റ്റർ ആകട്ടെ വിവാദമാകുകയും ചെയ്തു. ഇത്തരത്തിൽ വൻ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചു ആണ് ഈ കുഞ്ചാക്കോ ബോബൻ ചിത്രം എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ലഭിച്ചത് ആകട്ടെ ഈ പ്രീ റിലീസ് ഹൈപ്പിനോട് നീതി പുലർത്തുന്ന ചിത്രവും.

മലയാള സിനിമയ്ക്ക് മറ്റൊരു ശക്തമായ ആക്ഷേപഹാസ്യ ചിത്രമാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും ടീമും സമ്മാനിച്ചിരിക്കുന്നത്. കൊള്ളേണ്ടവർക്ക് ശരിക്കും കൊള്ളുന്ന വളരെ ഗൗരവമായ വിഷയം ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുക ആണ് ഈ ചിത്രത്തിൽ. കോഴുമ്മൽ രാജീവൻ എന്ന വിരമിച്ച ഒരു കള്ളൻ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മോഷണം നിർത്തിയാലും ഒരിക്കൽ കള്ളൻ എന്ന പേര് വീണു കിട്ടിയാൽ പിന്നെയത് ജീവിതകാലം മുഴുവൻ കൂടെ കാണുമല്ലോ. വീണ്ടും ആ പേര് കിട്ടി രാജീവന്. എംഎൽഎയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കവേ പട്ടി കടിച്ചു പരിക്കേറ്റു എന്ന കേസിൽ അയാൾ അറസ്റ്റിൽ ആവുന്നു. നിരപരാധിത്വം തെളിയിക്കാൻ രാജീവൻ കോടതിയിൽ സ്വയം വാദിക്കുന്നതിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. അവിടെ വിഷയമായി റോഡിലെ കുഴി വരുന്നു. റോഡിലെ കുഴി മൂലം ഒരു വാഹനപടകത്തിൽ നിന്ന് രക്ഷപ്പെടാൻ ആണ് മതിൽ ചാടേണ്ടി വന്നതെന്ന് കാട്ടി പൊതുമരാമത്ത് മന്ത്രിയ്ക്ക് എതിരെ രാജീവൻ കേസ് കൊടുക്കുന്നു. അയാൾ സാധാരണക്കാരന്റെ ശബ്ദമായി മാറുന്നു.

രാജീവൻ എന്ന പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബൻ ആണ്. രൂപത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം ഒരു സാധാരണക്കാരനായ നാട്ടിൻപുറത്തുകാരനായി അസാമാന്യ പ്രകടനം ആണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. നായികാ വേഷത്തിൽ എത്തിയ ഗായത്രി ശങ്കർ, ഉണ്ണിമായ, ബേസിൽ ജോസഫ്, രാജേഷ് മാധവൻ, സിബി തോമസ് മുതൽ പുതുമുഖ താരങ്ങൾ വരെ മികച്ചു നിൽക്കുന്നുണ്ട് ചിത്രത്തിൽ. സ്വാഭാവികമായ അഭിനയത്തിലൂടെ ആണ് ഇവർ ഒക്കെയും തിളങ്ങുന്നത്.

സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാ ആണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വലിയ അടിത്തറയായി മാറിയത് തിരക്കഥ തന്നെയാണ്. ഏറ്റവും മികച്ച കാസ്റ്റിംഗ് ചിത്രത്തിന് നടത്തുകയും ആർട്ടിസ്റ്റുകളിൽ നിന്ന് മികച്ച പ്രകടനം ഉറപ്പ് വരുത്തുകയും ചെയ്ത സംവിധായകൻ രതീഷിനെ പ്രത്യേകം തന്നെ പ്രശംസിക്കേണ്ടത് ഉണ്ട്. പുതുമുഖങ്ങൾ പോലും ചിത്രത്തിൽ സ്വാഭാവികമായ മിന്നും പ്രകടനം കാഴ്ചവെച്ചതിലൂടെ ചിത്രത്തിന് റിയലിസ്റ്റിക്ക് അനുഭവം നൽകാൻ കഴിഞ്ഞിട്ടുണ്ട്. അത് തീർച്ചയായും സംവിധായകന്റെ മികവ് ആണ്. സാങ്കേതികമായി ചിത്രത്തെ മികവിലേക്ക് ഉയർത്താൻ സംവിധായകന് കരുത്തായി രാകേഷ് ഹരിദാസന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും വലിയ പങ്കാണ് വഹിച്ചത്. ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും മികച്ചു നിന്നു. ചാക്കോച്ചന്റെ വൈറൽ ഡാൻസിന് കളം ഒരുക്കിയ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമിക്‌സ് ബിഗ് സ്ക്രീനിലും ഒരു ആഘോഷമായി മാറുന്നുണ്ട്.

ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ക്ളീൻ എന്റർടൈനർ ആണ് ‘ന്നാ താൻ കേസ് കൊട്’. കോടതി മുറിയിലെ നാടകീയതയുടെ അതിപ്രസരം കൊണ്ട മടുപ്പിക്കാതെ വളരെ ഗൗരവമായ വിഷയങ്ങൾ ആക്ഷേപഹാസ്യമായി അവതരിപ്പിച്ചു പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം. പലപ്പോഴും കേൾക്കാറുള്ള ഒരു വാചകമാണ് ചിത്രത്തിന്റെ ടൈറ്റിൽ. ട്രെയിലറിൽ നായക കഥാപാത്രം പറഞ്ഞ പോലെ കയ്യൂക്കും അധികാരവും ഉള്ളവരുടെ ഡയലോഗ്. പാവപ്പെട്ടവൻ കേസ് കൊടുക്കില്ല എന്ന ധൈര്യം. അതിന് മറുപടിയുമായി കോടതിയിൽ ഒരു സാധാരണക്കാരന്റെ ശബ്ദം ഉയരുമ്പോൾ അത് ഓരോ പ്രേക്ഷകന്റെയും ശബ്ദമാവുക ആണ്. വിനോദ മൂല്യം ഒട്ടും ചോരാതെ അവതരിപ്പിക്കുമ്പോൾ വലിയ കൂട്ടം പ്രേക്ഷകരെ രസിപ്പിക്കാൻ ചിത്രത്തിന് ആവും എന്നത് തീർച്ച.

ശ്രീലങ്കയിലേക്ക് പറക്കാൻ മമ്മൂട്ടിയും ടീമും; രഞ്ജിത്ത് – എംടി ചിത്രം ആരംഭിക്കുന്നു…

“കൂട്ടതല്ലിന് മണവാളൻ റെഡി, നിങ്ങളോ?”; വൻ ഹൈപ്പിൽ ‘തല്ലുമാല’ തീയേറ്ററുകളിലേക്ക്…