മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ?
മലയാളത്തിന്റെ മഹാനടന്മാരും സൂപ്പർ താരങ്ങളുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ഒന്നിച്ച് അൻപതിലേറെ ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള ഇരുവരും പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കാൻ പോകുന്നത്. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ആശീർവാദ് സിനിമാസ്, മമ്മൂട്ടി കമ്പനി എന്നിവർ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടും.
ഇതിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന വമ്പൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിന് മോഹൻലാൽ ജീവൻ പകരുമെന്നാണ് സൂചന. മോഹൻലാൽ കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ടാകും. നേരത്തെ, ഈ ചിത്രത്തിൽ സുരേഷ് ഗോപി ചെയ്യും എന്ന് വാർത്തകളിൽ നിറഞ്ഞ കഥാപാത്രമാണ് ഇപ്പോൾ മോഹൻലാലിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം.
ഇത് കൂടാതെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിൽ മോഹൻലാൽ നായകനായുമെത്തും. ഇതിൽ മമ്മൂട്ടി അഭിനയിക്കുമോ എന്ന വിവരം ഇപ്പോൾ ലഭ്യമല്ല. ഏതായാലും മലയാള സിനിമാ പ്രേമികൾക്കും, മോഹൻലാൽ, മമ്മൂട്ടി ആരാധകർക്കും ഏറെ ആവേശം പകരുന്ന ഒരു വാർത്തയാണിത്. അടുത്ത വർഷം ആദ്യം, ഇതിലെ മോഹൻലാൽ- മമ്മൂട്ടി- മഹേഷ് നാരായണൻ ചിത്രം ആരംഭിച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ സാരഥ്യം വഹിക്കുന്ന ആന്റണി പെരുമ്പാവൂർ പങ്ക് വെച്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന വിവരം പുറത്തു വന്നത്. പതിനൊന്ന് വർഷം മുൻപ് റിലീസ് ചെയ്ത രഞ്ജിത് ചിത്രമായ കടൽ കടന്ന് ഒരു മാത്തുകുട്ടിയിലാണ് മമ്മൂട്ടി- മോഹൻലാൽ ടീം ഒരുമിച്ചു സ്‌ക്രീനിലെത്തിയത്. മമ്മൂട്ടി നായകനായ ആ ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായാണ് എത്തിയത്.