ചേലേമ്പ്ര ബാങ്ക് കവർച്ച സിനിമയാകുന്നു; അന്വേഷിക്കാൻ മോഹൻലാൽ, കവരാൻ ഫഹദ്?
ചേലേമ്പ്ര ബാങ്ക് കവർച്ചയെ ആസ്പദമാക്കി നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യ രചിച്ച ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാക്ക് റോബറി’ എന്ന പുസ്തകം കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു പ്രകാശനം ചെയ്തത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആയിരുന്നു പ്രകാശനം നിർവഹിച്ചത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ആവേശകരമായ റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. സിനിമയായും പ്രേക്ഷകർക്ക് മുന്നിൽ ചേലമ്പ്ര ബാങ്ക് റോബറി എത്തും എന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ പി വിജയൻ ഐപിഎസ് ആയി മോഹൻലാൽ അഭിനയിക്കും എന്ന വിവരവുമാണ് പുറത്തുവരുന്നത്.
കൂടാതെ, യുവനിരയിലെ മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കവർച്ച സംഘത്തിന്റെ തലവനായ ബാബുവിന്റെ വേഷത്തിലാകും ഫഹദ് അഭിനയിക്കുക. തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും ചിത്രം പുറത്തിറക്കാൻ ആണ് ശ്രമം എന്നും ചെന്നൈയിൽ ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 2013ൽ പുറത്തിറങ്ങിയ ‘റെഡ് വൈൻ’ എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദ് ഫാസിലും ഭാഗമായിരുന്നു. ഈ ചിത്രം യാഥാർഥ്യമാകുക ആണെങ്കിൽ പ്രേക്ഷകർക്ക് ഒരേ സ്ക്രീനിൽ മോഹൻലാലിനെയും ഫഹദിനെയും കാണാൻ കഴിയും.
15 വർഷങ്ങൾക്ക് മുൻപ് 2007 ഡിസംബർ 30ന് ആണ് മലപ്പുറം ചേലേമ്പ്ര ബാങ്കിൽ നാലംഗസംഘം കവർച്ച നടത്തിയത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ആയിരുന്നു കവർന്നത്. രണ്ട് മാസത്തിന് അകം കുറ്റവാളികളെ പോലീസ് പിടികൂടുകയും കവർന്ന സ്വർണവും പണവും കണ്ടെത്തുകയും ചെയ്തു. വിജയൻ ഐപിഎസിന്റെ നേതൃത്വത്തിൽ പതിനാറംഗ പോലീസ് സംഘമായിരുന്നു ഈ കേസ് വിജയകരമായി പൂർത്തിയാക്കി കേരള പോലീസിന് അഭിമാനമായി മാറിയത്.