മാസ്റ്റർപീസിൽ പത്തു ആക്ഷൻ രംഗങ്ങൾ; മമ്മൂട്ടിയുടെ ഏറ്റവും വലിയ ആക്ഷൻ ചിത്രം
ഈ വരുന്ന ക്രിസ്മസിന് കേരളത്തിൽ റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പക്കാ മാസ്സ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന മാസ്റ്റർപീസിൽ പത്തു ആക്ഷൻ രംഗങ്ങൾ ആണ് ഉള്ളതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് മാസ്റ്റർപ്പീസ് എത്തുന്നത്. പതിനഞ്ചു കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്‍റെ നിർമ്മാണ ചെലവ് എന്നാണ് സൂചനകൾ.
റോയൽ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി ഡിസംബർ 21 നു പ്രദർശനം ആരംഭിക്കും. സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ആ അഞ്ചു പേർ.
ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കൊലപാതകം അന്വേഷിക്കാൻ പോലീസ് ഓഫീസർ ആയ മമ്മൂട്ടി കഥാപാത്രം കോളേജിൽ പ്രൊഫെസ്സർ വേഷത്തിൽ എത്തുന്നത് ആണെന്നും സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. എഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന പ്രൊഫസറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
യുവ താരം ഉണ്ണി മുകുന്ദൻ പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷ്, വരലക്ഷി ശരത് കുമാർ, മഹിമ, പൂനം ബജ്വ, മുകേഷ്, ബിജു കുട്ടൻ, കൈലാഷ്, ഷാജോൺ, മക്ബൂൽ സൽമാൻ, ദിവ്യ പിള്ളൈ, സാജു നവോദയ, അർജുൻ നന്ദ കുമാർ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട് എന്നതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ് വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ