ദുൽഖര്‍ സൽമാൻ-ജയറാം ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും എത്തുന്നു
ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം യുവതാരം ദുൽഖര്‍ സൽമാൻ ജനപ്രിയ നടൻ ജയറാമുമായി ഒന്നിക്കുന്ന ഒരു കോമഡി എന്റെർറ്റൈനെർ അണിയറയിൽ ഒരുങ്ങുകയാണ്. വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ കോമ്പിനേഷനിൽ ഒരു ചിത്രമൊരുക്കാൻ തയാറെടുക്കുകയാണ് പ്രശസ്ത തിരക്കഥ രചയിതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഹിറ്റ് ജോഡി ആണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും.
നാദിര്‍ഷയാണ് ഇവരുടെ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. ഈ ദുൽഖർ സൽമാൻ- ജയറാം ചിത്രത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും സംവിധാന രംഗത്തേക്ക് കടക്കുകയാണ് എന്ന സൂചനയും ഉണ്ട്. ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു നവാഗത സംവിധായകൻ സംവിധാനം ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
മഹാനദി എന്ന തെലുങ്ക് ചിത്രവും കാർവാൻ എന്ന ഹിന്ദി ചിത്രവും പൂർത്തിയാക്കിയ ദുൽഖർ സൽമാൻ അടുത്തതായി അഭിനയിക്കാൻ പോകുന്ന മലയാള ചിത്രം ലാൽ ജോസിന്‍റെ ഒരു ഭയങ്കര കാമുകൻ ആണ്. അതിനു ശേഷം ശ്രീനാഥ് രാജേന്ദ്രന്‍റെ സുകുമാര കുറുപ്പായിരിക്കും ദുൽഖർ ചെയ്യുക. തമിഴിൽ രണ്ടു ചിത്രവും ദുൽഖറിന് കരാർ ആയിട്ടുണ്ട്. ഒന്ന് രാ കാർത്തിക് ഒരുക്കുമ്പോൾ മറ്റൊന്ന് ഒരുക്കുന്നത് ഡെസിങ് രാമസാമി ആയിരിക്കും.
ജയറാം ഇപ്പോൾ സലിം കുമാർ ചിത്രമായ ദൈവമേ കൈതൊഴാം കെ കുമാറാകണം ചെയ്യുകയാണ്. അതിനു ശേഷം രമേശ് പിഷാരടിയുടെ പഞ്ച വർണ്ണ തത്ത ആരംഭിക്കും. ജയറാം അഭിനയിച്ച ഭാഗ്മതി എന്ന തെലുങ്ക് ചിത്രവും അതുപോലെ തന്നെ ഒരു തമിഴ് ചിത്രവും അടുത്ത വര്‍ഷം ആദ്യം തന്നെ പ്രദർശനത്തിന് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.