in

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ നേട്ടം; ‘മാർക്കൊ’യ്ക്ക് കൊറിയയിൽ റെക്കോർഡ് റിലീസ്…

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ നേട്ടം; ‘മാർക്കൊ’യ്ക്ക് കൊറിയയിൽ റെക്കോർഡ് റിലീസ്…

പാൻ ഇന്ത്യൻ തലത്തിൽ തരംഗം സൃഷ്ടിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ ഏപ്രിലിൽ ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ ‘മാർക്കോ’ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പ് ആയി ഇത് മാറും.

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയ ‘ബാഹുബലി’യ്ക്ക് ശേഷം ദക്ഷിണ കൊറിയയിൽ നിന്നും ഇത്തരത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി ‘മാർക്കോ’ മാറിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര വേദിയിൽ ലഭിച്ചിരിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ ഉണ്ണി മുകുന്ദന്റെ കരിയർ പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഭാവിയിൽ ഒട്ടേറെ അന്താരാഷ്ട്ര സഹകരണങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ‘മാർക്കോ’.

1993 ൽ സ്ഥാപിതമായ നൂറി പിക്ചേഴ്സ് ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു പ്രമുഖ ശക്തിയാണ്. കൊറിയൻ പ്രേക്ഷകർക്ക് ആകർഷകമായ അന്താരാഷ്ട്ര, ഹോളിവുഡ് ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും നൂറി പിക്ചേഴ്സ് മുന്നിലുണ്ട്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ സിനിമകളോടുള്ള കമ്പനിയുടെ സമർപ്പണം ഏഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരായി നൂറി പിക്ചേഴിസിനെ മാറ്റിയിട്ടുണ്ട്. നൂറി പിക്ചേഴ്സിന്‍റെ നേട്ടങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടിയാണിത്.

“ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി ‘മാർക്കോ’ യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകോത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ ആകർഷിച്ചു. ഈ ചിത്രത്തിന് അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവുണ്ട്, ലോക സിനിമയിലെ ഈ ധീരമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് “, ‘മാർക്കോ’യുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീയുടെ വാക്കുകൾ ഇതാണ്.

ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ‘മാർക്കോ’ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ആണ് ഒരുക്കിയത്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്

റീ റിലീസിൽ വിജയ ചരിത്രം ആവർത്തിക്കാൻ മോഹൻലാലിന്റെ ‘ഉദയനാണ് താരം’ വരുന്നു; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ…

‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നിവിൻ പോളി – നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ പുതിയ പോസ്റ്റർ പുറത്ത്