പൊന്നിയിൻ സെൽവന് വേണ്ടി മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും നന്ദി പറഞ്ഞ് മണിരത്നം…

0

പൊന്നിയിൻ സെൽവന് വേണ്ടി മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും നന്ദി പറഞ്ഞ് മണിരത്നം…

ഇതിഹാസ സംവിധായകനായ മണിരത്നത്തിന്റെ സ്വപ്ന സിനിമയായ ‘പൊന്നിയിൻ സെൽവൻ’ റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുക ആണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ദിവസം ഇവന്റ് സംഘടിപ്പിച്ചിരുന്നു. മണിരത്നവും താരങ്ങളും ഇവന്റിൽ പങ്കുചേർന്നു. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി ഈ ചിത്രത്തിന്റെ ഭാഗമാണ് എന്ന വെളിപ്പെടുത്തൽ ഈ ഇവന്റിൽ മണിരത്നം നടത്തിയിരിക്കുക ആണ്. ശബ്ദം നൽകിയാണ് മമ്മൂട്ടി ഈ ചിത്രത്തിന്റെ ഭാഗമായത്. മലയാളത്തിന്റെ മറ്റൊരു സൂപ്പർതാരമായ പൃഥ്വിരാജും ചിത്രത്തിന്റെ ട്രെയിലറിന് വോയ്‌സ് ഓവർ നൽകി ഭാഗമായിരുന്നു. ഇരുവർക്കും മണിരത്നം നന്ദി പറഞ്ഞു.

ചിത്രത്തിലെ താരങ്ങൾക്ക് എല്ലാം നന്ദി അറിയിച്ച മണിരത്നം രണ്ട് പേർക്കുകൂടി നന്ദി പറയേണ്ടത് ഉണ്ട് എന്ന് പറഞ്ഞാണ് പൃഥ്വിരാജിനും മമ്മൂട്ടിക്കും നന്ദി അറിയിച്ചത്. പൃഥ്വിരാജ് നല്ലൊരു സുഹൃത്താണ് എന്നും മണിരത്നം പറഞ്ഞു. മണിരത്നത്തിന്റെ വാക്കുകൾ ഇങ്ങനെ: “എനിക്ക് മമ്മൂട്ടി സാറിനോടും നന്ദി പറയേണ്ടത് ഉണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് എനിക്ക് പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താൻ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു. വോയ്‌സ് ഓവർ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. എനിക്ക് അയയ്ക്കൂ ഞാൻ ചെയ്യാം എന്ന് രണ്ട് സെക്കൻഡ് പോലും ആലോചിക്കാതെ അദ്ദേഹം മറുപടി പറഞ്ഞു. ഈ ചിത്രം മമ്മൂട്ടി സാറിലൂടെ ആണ് തുടങ്ങുക.”

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, ബാബു ആന്റണി തുടങ്ങിയ മലയാള താരങ്ങളും അഭിനയിക്കുന്നുണ്ട്. കൽക്കിയുടെ ഇതേ പേരിൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായി ആണ് തീയേറ്ററുകളിൽ എത്തുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് ആണ് റിലീസ് ചെയ്യുന്നത്.