300 കോടി ലക്ഷ്യമാക്കി ചിരഞ്ജീവിയുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’; ഏഴാം ദിവസം റെക്കോർഡ് ഷെയർ

നിർമ്മാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ 292 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. എട്ടാം ദിവസമായ ഇന്ന് ചിത്രം 300 കോടി എന്ന ചരിത്രനാഴികകല്ല് പിന്നിടുമെന്ന് ഉറപ്പായി. ഈ നേട്ടത്തോടെ മെഗാസ്റ്റാറിന്റെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ചിത്രം സ്ഥാനം പിടിച്ചു കഴിഞ്ഞു.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും (AP-TG) അവിശ്വസനീയമായ പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. റിലീസ് ചെയ്ത് ഏഴാം ദിവസം ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ചിത്രം നേടിയത് ‘എക്കാലത്തെയും ഉയർന്ന ഷെയർ’ (All-time record share) എന്ന റെക്കോർഡാണ്. പ്രമുഖ താരങ്ങളുടെ മുൻകാല റെക്കോർഡുകളെല്ലാം തകർത്താണ് ചിത്രം മുന്നേറുന്നത്.
വിദേശ വിപണിയിലും ചിരഞ്ജീവി ചിത്രം കരുത്ത് തെളിയിക്കുകയാണ്. വടക്കേ അമേരിക്കയിൽ മാത്രം ഇതിനകം 2.96 മില്യൺ ഡോളർ ചിത്രം ഗ്രോസ് കളക്ഷനായി നേടിയിട്ടുണ്ട്. ഉടൻ തന്നെ ഇത് 3 മില്യൺ ഡോളർ എന്ന വലിയ നേട്ടത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനിൽ രവിപുടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായാണ് ‘മന ശങ്കര വര പ്രസാദ് ഗാരു’ അടയാളപ്പെടുത്തപ്പെടുന്നത്.
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന ഈ ചിത്രത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് തെലുങ്ക് താരം വെങ്കിടേഷ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിരഞ്ജീവിയുടെ മാസ്സും കോമഡിയും ഒത്തുചേർന്ന ഈ ഫാമിലി എന്റർടെയ്‌നർ ഷൈൻ സ്ക്രീൻ ബാനറും ഗോൾഡ് ബോക്സ് എന്റർടൈൻമെന്റ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

