കേരളം ഭരിക്കാൻ മമ്മൂട്ടി, മറ്റൊരു റെക്കോര്‍ഡും താരത്തിന് സ്വന്തം!
മെഗാസ്റ്റാർ മമ്മൂട്ടി കേരളം ഭരിക്കാൻ ഒരുങ്ങുകയാണ്. അതെ, ഈ വർഷം അവസാനം ഷൂട്ടിങ് ആരംഭിക്കും എന്ന് കരുതപ്പെടുന്ന സന്തോഷ് വിശ്വനാഥിന്‍റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി കേരളാ മുഖ്യമന്ത്രി ആയാണ് അഭിനയിക്കാൻ പോകുന്നത്. ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും അഭിനയിക്കും. ഒരു മാതൃകാ മുഖ്യമന്ത്രി ആയി മമ്മൂട്ടി എത്തുമ്പോൾ, രാഷ്രീയത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത ആളായാണ് ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ഈ രണ്ടു പേരുടെയും ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രമായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ വേഷമിടാൻ പോകുന്നത് എന്നാണ് സൂചന.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറിയ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. ഒരു സ്പൂഫ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിറകൊടിഞ്ഞ കിനാവുകൾ നിരൂപക ശ്രദ്ധ നേടിയിരുന്നു. തന്‍റെ പുതിയ മമ്മൂട്ടി ചിത്രം ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരിക്കുമെന്നാണ് സന്തോഷ് വിശ്വനാഥ് പറയുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ബോബി – സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി എഴുതുന്ന തിരക്കഥയാണ്. രഞ്ജി പണിക്കർ ഈ ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ഉറ്റ സുഹൃത്തായി അഭിനയിക്കും.
ഈ ചിത്രം കൂടി ചെയ്യുന്നതിലൂടെ മമ്മൂട്ടി സ്വന്തമാക്കാൻ പോകുന്ന ഒരു അപൂർവ റെക്കോർഡ് എന്തെന്ന് വെച്ചാൽ, മൂന്നു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആയി അഭിനയിക്കാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കും എന്നതാണ്. 1995 ഇൽ ഇറങ്ങിയ മക്കൾ ആച്ചി എന്ന തമിഴ് ചിത്രത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി അഭിനയിച്ചത്. അത് കൂടാതെ ഈ വർഷം ഒരുങ്ങുന്ന, ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന വൈ എസ് ആറിന്‍റെ ജീവിത കഥ പറയുന്ന യാത്ര എന്ന തെലുങ്ക് സിനിമയിൽ നായകൻ മമ്മൂട്ടിയാണ്. അതിന്‍റെ കൂടെയാണ് ഇപ്പോൾ കേരളാ മുഖ്യമന്ത്രി ആയി അഭിനയിക്കുന്ന ചിത്രവും.
കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം ആണ് മമ്മൂട്ടി ഉടനെ തീർക്കാൻ പോകുന്നത്. അതിനു ശേഷം കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന്‍റെ രണ്ടാം ഷെഡ്യൂളിൽ ആവും മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത്.