‘ചാണക്യതന്ത്രം’ പ്രതീക്ഷകൾക്കൊത്തു ഉയർന്നുവോ? റിവ്യൂ വായിക്കാം

0

‘ചാണക്യതന്ത്രം’ പ്രതീക്ഷകൾക്കൊത്തു ഉയർന്നുവോ? റിവ്യൂ വായിക്കാം

പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ ‘ചാണക്യതന്ത്രം’ ആണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്ന്. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ യുവതാരം ഉണ്ണി മുകുന്ദൻ നായക വേഷത്തിൽ എത്തിയിരിക്കുന്നു. ഒരു റൊമാൻന്റിക് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, ശിവദാ എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്ന ചാണക്യ തന്ത്രത്തിന്‍റെ മേക്കിങ് വീഡിയോ, ഗാനങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധ നേടി എടുത്തിരുന്നു.

ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന അർജുൻ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മളോട് പറയുന്നത്. പ്രണയവും ആവേശവും കൂട്ടിയിണക്കിയ ഒരു ചിത്രമായാണ് ചാണക്യ തന്ത്രം കഥ പറഞ്ഞിരിക്കുന്നത്. ഹോക്ക് ഐ എന്ന പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്‍സിയിൽ അന്വേഷകനായി ജോലി ചെയ്യാൻ എത്തുന്ന യുവാവാണ് അർജുൻ. എന്നാൽ അവിടെ വെച്ച് അവൻ നടത്തുന്ന ചില അന്വേഷണങ്ങൾ പിന്നീട് അവന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. അവന്‍റെ ജീവിതത്തിലേക്ക് രണ്ടു സ്ത്രീ കഥാപാത്രങ്ങൾ കടന്നു വരികയും അത് അവനെ കൂടുതൽ പ്രതിസന്ധികളിൽ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു.

ഒരു തികഞ്ഞ എന്റെർറ്റൈനെർ ഒരുക്കുകയായിരുന്നു കണ്ണൻ താമരക്കുളത്തിന്‍റെ ലക്‌ഷ്യം എന്നത് ചിത്രത്തിൽ നിന്ന് വ്യക്തം ആണ്. തിരക്കഥാകൃത് ദിനേശ് പള്ളത്തും സംവിധായകൻ കണ്ണൻ താമരക്കുളവും ആ കാര്യത്തിൽ ഭാഗികമായി മാത്രമേ വിജയിച്ചുള്ളു എന്ന് പറയാം. കഥയിലെ പുതുമയില്ലായ്മയും കണ്ടു മറന്ന ചില തമിഴ് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന പശ്ചാത്തലവുമാണ് ഈ ചിത്രത്തിന് വിനയായത്. പ്രേക്ഷകനെ ആവേശം കൊള്ളിക്കുകയും അതോടൊപ്പം ഒരുപാട് രസിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങൾ നിറച്ച കഥാ സന്ദർഭങ്ങൾ ദിനേശ് പള്ളത്തു ഒരുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പൂർണ്ണമായ രീതിയിൽ പ്രേക്ഷരിലേക്കു എത്തിക്കാൻ അദ്ദേഹത്തിനും സംവിധായകനും സാധിച്ചിട്ടില്ല. എന്നാൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കിടിലൻ മേക്കിങ്ങിലൂടെ ത്രില്ലിംഗ് ആക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ കണ്ണൻ താമരക്കുളം. ആദ്യ പകുതിയിലെ കുറച്ചു രസകരമായ സംഭാഷണങ്ങളും രണ്ടാം പകുതിയിലെ കിടിലൻ ആക്ഷനും അതുപോലെ മോശമല്ലാത്ത പ്രണയ രംഗങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകന് നൽകുന്ന എന്റർടൈൻമെന്റ്.

ഉണ്ണി മുകുന്ദന്‍റെ മാസ്സ് ആക്ഷൻ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്റുകളിൽ ഒന്ന് . പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിൽ സ്‌ക്രീനിൽ തിളങ്ങാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്. ഇരയിലെ മികച്ച പ്രകടനത്തിന് ശേഷം ചാണക്യ തന്ത്രത്തിലെയും മികച്ച പെർഫോമൻസിലൂടെ ഉണ്ണി മുകുന്ദൻ തന്‍റെ സ്ഥാനം മലയാള സിനിമയിൽ അരക്കിട്ടുറപ്പിക്കുകയാണ്. പെൺവേഷത്തിൽ ഉൾപ്പെടെ വ്യത്യസ്ത ഗെറ്റപ്പിൽ വളരെ നല്ല പ്രകടനമാണ് ഉണ്ണി കാഴ്ച വെച്ചത്. നായികമാർ ആയി എത്തിയ ശ്രുതി രാമചന്ദ്രനും, ശിവദയും ഒരിക്കൽ കൂടി തങ്ങളുടെ വേഷം വളരെ സ്വാഭാവികമായി ചെയ്തപ്പോൾ തന്‍റെ മികച്ച പെർഫോമൻസ് കൊണ്ട് കയ്യടി നേടിയ മറ്റൊരു താരം അനൂപ് മേനോൻ ആണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയ പ്രസാദ്, ഇന്ദ്രൻസ്, ഹാരിഷ് കണാരൻ, രമേശ് പിഷാരടി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

പ്രദീപ് നായർ ഒരുക്കിയ ദൃശ്യങ്ങൾ നന്നായി വന്നപ്പോൾ ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. എന്നാൽ പശ്ചാത്തല സംഗീതത്തിന്‍റെ നിലവാരം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. പല സമയത്തും പശ്ചാത്തല സംഗീതം അരോചകമായാണ് ഫീൽ ചെയ്തത്. എഡിറ്റിംഗ് മികവ് ചിത്രത്തെ വേഗതയോടെ മുന്നോട്ട് പോകാൻ സഹായിച്ചു എന്നത് ആശ്വാസമായിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ആക്ഷനും ത്രില്ലും റൊമാന്സും കോമഡിയുമെല്ലാം കോർത്തിണക്കിയ ഈ ചിത്രം, വലിയ പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ഒറ്റ തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്. ഉണ്ണി മുകുന്ദന്‍റെ മികച്ച പ്രകടനം മാത്രമാണ് ചിത്രത്തിൽ എടുത്തു പറയാവുന്ന പ്ലസ് പോയിന്റ്. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ചതാകുമായിരുന്നു ഈ ചിത്രം എന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here