സഖാവ് അലക്സ് ആയി മമ്മൂട്ടി; ‘പരോള്‍’ മാര്‍ച്ച് മുപ്പത് മുതല്‍ തിയേറ്ററുകളില്‍!
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോൾ. മമ്മൂട്ടിയുടെ വ്യത്യസ്ത വേഷ പകർച്ചയുമായി എത്തുന്ന ഈ ചിത്രം ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മാര്‍ച്ച് മുപ്പതിന് ആയിരിക്കും റിലീസ് ചെയ്യുക. മമ്മൂട്ടിയുടെ ഈ വർഷത്തെ സമ്മർ വെക്കേഷൻ റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. സഖാവ് അലക്സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.
സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പരസ്യ സംവിധാന രംഗത്ത് നിന്നും എത്തിയ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിന് അജിത്ത് പൂജപ്പുരയാണ് തിരക്കഥയൊരുക്കിയത്. സഖാവ് അലക്സ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ മൂന്ന് കാലഘട്ടത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത് എന്നാണ് സൂചന. മിയ ജോർജ്, ഇനിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ഇനിയ പുത്തൻ പണത്തിന് ശേഷം അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണ് പരോൾ.
ഒരു നാടൻ കഥാപാത്രമായി മമ്മൂട്ടി എത്തുന്നു എന്നുള്ളതും അതുപോലെ ഒരു ജയിൽ പുള്ളി ആയി മമ്മൂട്ടി അഭിനയിക്കുന്നു എന്നതും പരോളിന്‍റെ സവിശേഷത ആയി പറയുന്നു. ന്യൂ ഡൽഹി പോലത്തെ വലിയ വിജയങ്ങളിൽ മമ്മൂട്ടി ജയിൽ പുള്ളി ആയാണ് വേഷമിട്ടിട്ടുള്ളത്. ബാഹുബലിയിൽ കാലകേയന്‍ ആയി അഭിനയിച്ച നടൻ പ്രഭാകർ ഈ ചിത്രത്തിന്‍റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ഇർഷാദ്, സിജോയ് വർഗീസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇനിയ മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ സഹോദരി ആയാണ് മിയ അഭിനയിക്കുന്നത്.