ജയിൽ പുള്ളിയായി ഒരിക്കൽ കൂടി വിസ്മയിപ്പിക്കാൻ മമ്മൂട്ടി എത്തുന്നു; ‘പരോൾ’ മാർച്ച് 31 ന്
ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരനായി അഭിനയിച്ചു ഏറെ കയ്യടി നേടിയിട്ടുള്ള ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹം ജയിൽ പുള്ളി ആയി അഭിനയിച്ചു വലിയ ജനശ്രദ്ധ നേടിയ ചിത്രങ്ങൾ ആണ് നിറക്കൂട്ട്, യാത്ര, ന്യൂ ഡൽഹി എന്നിവ. അതുപോലെ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രങ്ങൾ ആണ് ഭൂത കണ്ണാടിയും മുന്നറിയിപ്പും. ഇപ്പോഴിതാ ‘പരോൾ’ എന്ന തന്‍റെ പുതിയ ചിത്രത്തിലും സഖാവ് അലക്സ് എന്ന ജയിൽ പുള്ളി ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത് . ഈ വരുന്ന മാർച്ച് മുപ്പത്തിയൊന്നിന് പരോൾ തീയേറ്ററുകളിൽ എത്തുകയാണ്.
ഒരിക്കൽ കൂടി തടവുകാരന്‍റെ റോളിൽ മമ്മൂട്ടി വിസ്മയിപ്പിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ക്ലാസ് ചിത്രമായിരിക്കും പരോൾ എന്നാണ് ട്രൈലെർ നൽകുന്ന സൂചന എങ്കിലും ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു കമ്മ്യൂണിസ്റ്റ് ചിത്രം എന്ന നിലയിലും ആരാധകർ പ്രോമോ ചെയ്യുന്നുണ്ട്. മോഹൻലാൽ നായകനായ ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ ചിത്രങ്ങൾ ആണ് മലയാളത്തിലെ ക്ലാസിക് കമ്മ്യൂണിസ്റ്റ് ചിത്രങ്ങൾ ആയി വിലയിരുത്തപ്പെടുന്നത്. ആ നിരയിലേക്ക് പരോളും എത്തുമോ എന്നാണ് ഇനി കാണാൻ ഉള്ളത്.
അതുപോലെ തന്നെ യാത്ര, നിറക്കൂട്ട് , ന്യൂ ഡൽഹി എന്നീ ചിത്രങ്ങൾ മമ്മൂട്ടി ജയിൽ പുള്ളി ആയി അഭിനയിച്ചു വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങൾ ആണ്. തുടർച്ചയായ പരാജയങ്ങൾ കൊണ്ട് സിനിമ രംഗത്ത് നിന്ന് പുറത്താവലിന്‍റെ വക്കിൽ നിന്ന മമ്മൂട്ടിയ്ക്ക് ഒരു ഗംഭീര തിരിച്ചു വരവ് നല്‍കിയ ചിത്രമാണ് ന്യൂ ഡൽഹി. അപ്പോൾ അതിനോടൊക്കെ ചേർന്ന് നിൽക്കുന്ന ഒരു വിജയം പരോൾ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമായില്ലാത്ത മമ്മൂട്ടിക്ക് പരോളിന്‍റെ ബോക്സ് ഓഫീസ് പ്രകടനം നിർണ്ണായകമാണ് എന്നത് ഈ ചിത്രത്തെ ശ്രദ്ധാ കേന്ദ്രം ആകുന്നുണ്ട്. നവാഗതനായ ശരത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത് പൂജപ്പുര തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി ഡിക്രൂസ് ആണ്. മിയ, ഇനിയ, സിദ്ദിഖ്, സുരാജ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.