സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം ‘കളങ്കാവൽ‘; റിലീസ് നവംബറിൽ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” നവംബർ റിലീസായെത്തുമെന്നു സൂചന. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഒരു ക്രൈം ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. “കളങ്കാവൽ”. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഏഴു മാസത്തിന് ശേഷം തീയേറ്ററുകളിൽ എത്താൻ പോകുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുക എന്നാണ് റിപ്പോർട്ട്. റിലീസ് ഡേറ്റ്, ട്രെയ്‌ലർ എന്നിവ വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തു വിടും. ജോർജ് സെബാസ്റ്റ്യൻ ആണ് കളങ്കാവലിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഫൈസൽ അലി കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് മുജീബ് മജീദ്. പ്രവീൺ പ്രഭാകർ ആണ് ചിത്രത്തിന്റെ എഡിറ്റർ. കുപ്രസിദ്ധ സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയതെന്നും മമ്മൂട്ടി ഒരു സീരിയൽ കില്ലർ ആയാണ് എത്തുന്നതെന്നും സൂചനയുണ്ട്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിനായകൻ അഭിനയിക്കുന്നത്.


