മമ്മൂട്ടി- മഹേഷ് നാരായണൻ ചിത്രം പുത്തൻ അപ്‌ഡേറ്റ് എത്തി; ഒപ്പം മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ?
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നവംബർ/ ഡിസംബർ മാസങ്ങളിലായി ആരംഭിക്കാൻ പോകുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുക. മെഗാ താരം മോഹൻലാൽ ഒരു സുപ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഉണ്ടാകുമെന്നാണ് സൂചന.
ഏകദേശം ആറ് മാസത്തോളമെടുത്താകും ചിത്രം പൂർത്തിയാക്കുക. കേരളം, ശ്രീലങ്ക, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എന്നാണ് സൂചന. മോഹൻലാലിന് ഏകദേശം ഒരു മാസത്തോളം ഈ ചിത്രത്തിന് വേണ്ടി ഷൂട്ടിംഗ് ഉണ്ടാകുമെന്നും വാർത്തകൾ പറയുന്നുണ്ട്. ശ്രീലങ്കയിൽ മുപ്പത് ദിവസത്തെ ചിത്രീകരണം ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
അവിടെ ചിത്രീകരണാനുമതി വാങ്ങാൻ സംവിധായകൻ മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാന മന്ത്രിയെ സന്ദർശിച്ച വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ, ഇതിലെ സാങ്കേതിക പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നാണ് റിപ്പോർട്ട്.
നേരത്തെ സുരേഷ് ഗോപി ചെയ്യുമെന്ന് പ്രചരിച്ച കഥാപാത്രമാണ് ഇപ്പോൾ മോഹൻലാലിലേക്ക് എത്തിയത് എന്നും വാർത്തകളുണ്ട്. നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ചിത്രവും ഈ മഹേഷ് നാരായണൻ ചിത്രവും മാത്രമാണ് അടുത്ത ആറ് മാസത്തേക്ക് മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.