50 കോടി ക്ലബിൽ ‘കിഷ്കിന്ധാ കാണ്ഡം’; ആസിഫ് അലിക്ക് വമ്പൻ നേട്ടം
ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് പന്ത്രണ്ട് ദിവസം കൊണ്ടാണ് ഈ ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി നേടിയത്. കേരളത്തിൽ നിന്ന് ഏകദേശം 28 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ, വിദേശ മാർക്കറ്റുകളിൽ നിന്ന് നേടിയത് 22 കോടിയോളമാണ്.
ആസിഫ് അലിയുടെ കരിയറിലെ ആദ്യത്തെ 50 കോടി ഗ്രോസ് ചിത്രമാണിത്. 25 കോടിയോളം ആഗോള ഗ്രോസ് നേടിയ തലവൻ ആയിരുന്നു ആസിഫിന്റെ ഇതിന് മുൻപത്തെ ഏറ്റവും വലിയ വിജയം. അതിനെ ഡബിൾ മാർജിനിലാണ് കിഷ്കിന്ധാ കാണ്ഢത്തിലൂടെ ആസിഫ് മറികടന്നത്. കരിയറിൽ ആദ്യമായി 20 കോടിക്ക് മുകളിൽ കേരളാ ഗ്രോസ് നേടുന്ന ആസിഫ് അലി ചിത്രമായും കിഷ്കിന്ധാ കാണ്ഡം മാറി.
കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിന് ശേഷം ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ഫാമിലി ത്രില്ലർ രചിച്ചത് ബാഹുൽ രമേശാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മുജീബ് മജീദ് സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചതും ചിത്രത്തിന്റെ രചയിതാവായ ബാഹുൽ രമേശാണ്.
തലവൻ, ലെവൽ ക്രോസ്സ്, അഡിയോസ് അമിഗോ, ഇപ്പോൾ കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ഈ വർഷം തന്റേതാക്കി മാറ്റുകയാണ് ആസിഫ് അലി.