“ഇനി ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കും”; ജൂഡ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി…
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാക്കുകൾ ആയിരുന്നു. 2018 എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ച് വേദിയിൽ വെച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയക്ക് വഴി ഒരുക്കിയത്. ജൂഡിന് തലയിൽ മുടി ഇല്ലെങ്കിലും നല്ല ബുദ്ധിയാണ് എന്നായിരുന്നു വേദിയിൽ മമ്മൂട്ടി പറഞ്ഞത്. ഇത് ബോഡി ഷെയ്മിങ് ആണെന്നും അല്ലെന്നും ഉള്ള ചർച്ചകൾക്ക് ആയിരുന്നു പിന്നീട് സോഷ്യൽ മീഡിയ സാക്ഷിയായത്. പിന്നാലെ താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ജൂഡും പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുക ആണ് മമ്മൂട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി എന്ന് പറഞ്ഞാണ് മമ്മൂട്ടി കുറിപ്പ് അവസാനിപ്പിച്ചത്. മമ്മൂട്ടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.”