സന്തോഷ് വിശ്വനാഥ് ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്നു!
മെഗാ സ്റ്റാർ മമ്മൂട്ടി ഒരു പിടി വലിയ ചിത്രങ്ങളുമായി എത്തുകയാണ് ഈ വർഷം. അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് ഷാജി പാടൂർ എന്ന നവാഗതൻ ഒരുക്കുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമാണ്. ദി ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദനിയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സേതു ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ്, സജീവ് പിള്ളൈ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം, കെ മധു ഒരുക്കുന്ന സേതു രാമയ്യർ സി ബി ഐ അഞ്ചാം ഭാഗം, ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഉണ്ട, അമൽ നീരദ് ഒരുക്കുന്ന ബിഗ് ബി 2 , സന്തോഷ് ശിവന്റെ കുഞ്ഞാലി മരിക്കാർ എന്നിവയൊക്കെ മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന പ്രൊജക്റ്റ് ആണ് . ആ കൂട്ടത്തിൽ ഇതാ പുതിയ ഒരു പ്രൊജക്റ്റ് കൂടി ചേരുന്നു. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രം ഒരുക്കി അരങ്ങേറിയ സന്തോഷ് വിശ്വനാഥ് ആയിരിക്കും ഈ പുതിയ പ്രൊജക്റ്റ് ഒരുക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയിൽ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കാൻ പോകുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി കേരളാ മുഖ്യമന്ത്രി ആയാണ് അഭിനയിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ മമ്മൂട്ടിയോട് ഒപ്പം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുൻപേ ബാലചന്ദ്ര മേനോൻ ഒരുക്കിയ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ ആണ് ഇതിനു മുൻപേ മമ്മൂട്ടി മന്ത്രി വേഷത്തിൽ എത്തിയത്. മമ്മൂട്ടി മുഖ്യമന്ത്രി ആയി അഭിനയിച്ചത് തമിഴ് ചിത്രമായ മക്കൾ ആട്ചിയിൽ മാത്രമാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഈ മമ്മൂട്ടി ചിത്രം ഒരുക്കുന്നതെന്ന് സന്തോഷ് വിശ്വനാഥ് പറയുന്നു. ഹാസ്യത്തിനും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്ന്‍ സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.