യഥാർത്ഥ ജീവിതത്തിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി വീണ്ടുമൊരു മമ്മൂട്ടി ചിത്രം വരുന്നു!
തന്‍റെ കരിയറിൽ യഥാർത്ഥ വ്യക്തികളെ ആധാരമാക്കിയെടുത്തിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രശംസയും അംഗീകാരങ്ങളും നേടിയിട്ടുള്ള നടൻ ആണ് മമ്മൂട്ടി. ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു റിയൽ ലൈഫ് കഥാപാത്രം മമ്മൂട്ടിയെ തേടി എത്തിയിരിക്കുന്നു. ഒരു മെക്സിക്കൻ അപാരതക്കു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന കാട്ടാളൻ പൊറിഞ്ചു എന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന വിവരം നേരത്തെ തന്നെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ കുറിച്ച് കൂടുതൽ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.
1980 കളിൽ തൃശൂർ മാർക്കറ്റ് ഭരിച്ചിരുന്ന കാട്ടാളൻ പൊറിഞ്ചു എന്ന റിയൽ ലൈഫ് കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുക. റിയലിസ്റ്റിക് ആയ ഒരുപാട് മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം മാസ്സ് രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഒരു കഥ പോലെ സംഭവ ബഹുലമായ ജീവിതം നയിച്ച വ്യകതി ആയിരുന്നു കാട്ടാളൻ പൊറിഞ്ചു എന്നും ആ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ റിസേർച്ചുകൾ നടക്കുകയാണ് ഇപ്പോൾ എന്നും ടോം ഇമ്മട്ടി വെളിപ്പെടുത്തി.
മമ്മൂട്ടിക്ക് ഈ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായെന്നും, അദ്ദേഹം നിലവിൽ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജെക്ടുകൾ തീർത്തു കഴിഞ്ഞു ഈ ചിത്രം തുടങ്ങാൻ ആണ് പ്ലാൻ എന്നും സംവിധായകൻ പറയുന്നു. തിരക്കഥ രചന പൂർത്തിയായി കഴിയുമ്പോൾ ഈ ചിത്രം എന്ന് തുടങ്ങാം എന്നതിനെ പറ്റി മമ്മൂട്ടി വ്യക്തമായ ഒരു തീരുമാനം എടുക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഇപ്പോൾ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ് മമ്മൂട്ടി.
അതിനു ശേഷം ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം, ഉണ്ട, ബിഗ് ബി 2 തുടങ്ങി ഒരുപിടി വലിയ ചിത്രങ്ങൾ അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന. സ്ട്രീറ്റ് ലൈറ്റ്‌സ്, അങ്കിൾ, പരോൾ, പേരന്‍പ് തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. ടോവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി ഒരുക്കിയ ഒരു മെക്സിക്കൻ അപാരത കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന ഈ മമ്മൂട്ടി ചിത്രത്തിന് മുൻപ് ചിലപ്പോൾ ടോം ഇമ്മട്ടി മറ്റൊരു ചിത്രം ചെയ്യാനും സാദ്ധ്യതകൾ ഉണ്ട്.