ടോം ഇമ്മട്ടി ചിത്രം കാട്ടാളന്‍ പൊറിഞ്ചുവില്‍ ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി എത്തുന്നു!
ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് ടോം ഇമ്മട്ടി. ടോവിനോ തോമസ് നായകനായി എത്തിയ ഈ ചിത്രം കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ടോം ഇമ്മട്ടി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണ്. കാട്ടാളൻ പൊറിഞ്ചു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രം ആയാണ് മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത്.
ചിത്രത്തിന്‍റെ തിരക്കഥാ രചന അവസാന ഘട്ടത്തിൽ ആണെന്നും മമ്മൂട്ടിയുടെ മറ്റു തിരക്കുകൾ കഴിഞ്ഞു ഈ ചിത്രം ആരംഭിക്കും എന്നും ടോം ഇമ്മട്ടി പറഞ്ഞു. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായിട്ടുണ്ട് എന്നും മിക്കവാറും മമ്മൂട്ടിയുടെ അടുത്ത വർഷത്തെ പ്രൊജക്റ്റുകളില്‍ ഒന്നായിരിക്കും ഈ ചിത്രം എന്നും ടോം ഇമ്മട്ടി പറയുന്നു. 1985 കാലഘട്ടത്തിൽ ഉള്ള തൃശൂരിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഒരു സോഷ്യൽ സറ്റയർ ആണെന്നും സംവിധായകൻ വെളിപ്പെടുത്തി.
മെക്സിക്കൻ അപാരതക്കു ശേഷം ആറോളം ചിത്രങ്ങൾ ചെയ്യാൻ അഡ്വാൻസ് വാങ്ങി കഴിഞ്ഞെന്നും അതുകൊണ്ടു തന്നെ മമ്മൂട്ടി ചിത്രം ആരംഭിക്കാൻ വൈകിയാൽ അതിനു മുന്നേ മറ്റൊരു ചിത്രം ചെയ്യാൻ സാധ്യത ഉണ്ടെന്നും ടോം ഇമ്മട്ടി പറഞ്ഞു. ടോവിനോ തോമസിനെ നായകനാക്കി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഹാനോ എന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും അതിന്‍റെ ജോലികളും ചർച്ചകളും പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
തന്‍റെ രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തേക്കാൾ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറും എന്നാണ് ടോം ഇമ്മട്ടി പറയുന്നത്. ഒരു മെക്സിക്കൻ അപാരത നേടിയ വിജയം കൂടുതൽ ഉത്തരവാദിത്വം ആണ് തനിക്കു നൽകിയിരിക്കുന്നത് എന്നാണ് ഈ യുവ സംവിധായകൻ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ തന്‍റെ രണ്ടാമത്തെ ചിത്രം ആദ്യത്തേതിനേക്കാൾ എന്തുകൊണ്ടും മികച്ചതാക്കാൻ ഉള്ള ശ്രമത്തിലാണ് അദ്ദേഹം.