മലയാളത്തിന്റെ അതിരുകൾ ഭേദിക്കുന്ന വാലിബൻ; ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുമായി മോഹൻലാൽ ചിത്രം…

മലയാള സിനിമയുടെ അതിരുകൾ ഭേദിക്കുന്ന റിലീസുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലുമായി കൈകോർത്ത ഈ ചിത്രം ഗൾഫ് രാജ്യങ്ങൾ കൂടാതെ ലോകത്തെ 59 ലധികം വിദേശ രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്. അതിൽ തന്നെ യു കെ, യു എസ് എ, കാനഡ, ജർമ്മനി എന്നിവിടങ്ങളിലൊക്കെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം മോളിവുഡിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഈ വമ്പൻ റിലീസിലൂടെ ഒരു മോഹൻലാൽ ചിത്രം മലയാള സിനിമയുടെ മാർക്കറ്റ് ആഗോള തലത്തിൽ വർദ്ധിപ്പിക്കുകയാണ്. ദൃശ്യം, പുലി മുരുകൻ, ലൂസിഫർ എന്നീ മോഹൻലാൽ ചിത്രങ്ങൾ വെട്ടിത്തെളിച്ച പാതയിലൂടെയാണ് മറ്റു മലയാള ചിത്രങ്ങളും അന്താരാഷ്ട്ര വിപണിയിൽ കുതിച്ചു കേറിയത്.
അത്കൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബൻ മികച്ച വിജയം നേടിയാൽ അത് മലയാള സിനിമയ്ക്കു മുന്നിൽ തുറന്നിടുന്നത് വലിയ വിപണി സാധ്യതകളായിരിക്കും. ആശീർവാദ് സിനിമാസ് ആണ് ഈ ചിത്രം വിദേശത്തു വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസ്, സൈബർ സിസ്റ്റംസ്, പ്രൈം മീഡിയ യു എസ്, കെ ഡബ്ള്യു ടാകീസ്, ലോക എന്റെർറ്റൈന്മെന്റ്സ് എന്നിവർക്കൊപ്പമെല്ലാം കൈകോർത്താണ് ആശീർവാദ് ദുബായ്, ആശിർവാദ് ഹോളിവുഡ്, ആശീർവാദ് കാനഡ എന്നീ ആശീർവാദ് ഘടകങ്ങൾ ഈ ചിത്രം വിദേശത്ത് എത്തിക്കുന്നത്. ഈ ചിത്രത്തിന്റെ വിദേശ റിലീസിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
🌐 Global vibes are soaring! 🎬 @mohanlal sir spills the details on #Vaaliban’s worldwide release. Experience the magic, passion, and drama that crosses continents. 🌟 Buckle up for an unforgettable cinematic ride! #VaalibanVaraar #MalaikkottaiVaaliban #VaalibanOnJan25… pic.twitter.com/mJG0Qp7qzI
— Aashirvad Cinemas Dubai (@AVDdxb) January 23, 2024