മലയാളിയെ മനസ്സിലാക്കിയ സിനിമയാണ് ‘അങ്കിൾ’ എന്ന് മധുപാൽ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ ഒരുക്കിയ ‘അങ്കിൾ’ എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. സമീപകാലത്തു ഇറങ്ങിയ ഏറ്റവും നല്ല മമ്മൂട്ടി ചിത്രം എന്ന അഭിപ്രായമാണ് അങ്കിൾ നേടുന്നത്.ബോക്സ് ഓഫീസിലും സമീപകാല മമ്മൂട്ടി ചിത്രങ്ങളെക്കാള്‍ മികച്ച പ്രകടനം ചിത്രം കാഴ്ചവെക്കുന്നുണ്ട്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തിന്‍റെ വ്യാപ്തി വിലയിരുത്താനുള്ള സമയമായിട്ടില്ലെങ്കിലും ഏവരും ഗംഭീരമായ പ്രശംസയാണ് ഈ ചിത്രത്തിനുമേൽ ചൊരിയുന്നത്. ഇപ്പോഴിതാ പ്രശസ്ത നടനും സംവിധായകനുമായ മധുപാലും ‘അങ്കിൾ’ എന്ന ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുകയാണ്.
അങ്കിൾ കണ്ടു എന്നും മലയാളി സ്വഭാവത്തെ മനസ്സിലാക്കിയ ചിത്രമാണ് ഇതെന്നും മധുപാൽ പറയുന്നു. ചിത്രം രചിച്ച ജോയ് മാത്യുവിന് അഭിനന്ദനം നേരുകയും ചെയ്തു അദ്ദേഹം . ഈ ചലച്ചിത്രത്തെ ജനം എതിർത്താൽ സിനിമയിൽ നിന്നും പിൻ വാങ്ങുമെന്ന് ജോയ് മാത്യു പറഞ്ഞതായി ഒരു വാർത്ത കേട്ടിരുന്നു എന്നും മനുഷ്യനെ മനസ്സിലാക്കുന്ന ഒരെഴുത്തുകാരനെ എന്നും ആവശ്യമുണ്ട് സിനിമയ്ക്ക് എന്നും മധുപാൽ തന്റെ കുറിപ്പിൽ പറയുന്നു.
ജനങ്ങൾ ആ എഴുത്തുകാരനൊപ്പം എപ്പോഴുമുണ്ടാകും എന്ന് പറഞ്ഞ മധുപാൽ മുത്തുമണി എന്ന നടിയുടെ പ്രകടനത്തെയും പ്രശംസിച്ചു. മമ്മുക്ക എന്ന സ്നേഹസമ്പന്നനെ കൂടെ കൂട്ടുവാൻ എന്നും മലയാളിയുണ്ട് എന്ന് പറഞ്ഞ മധുപാൽ അളഗപ്പന്റെ ദൃശ്യങ്ങൾ എന്നും ഒരു വിസ്മയമാണെന്നു കൂടെ പറഞ്ഞാണ് നിർത്തുന്നത്. ഈ സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനം നേരുകയും ചെയ്തു അദ്ദേഹം.
അളഗപ്പന്‍റെ ദൃശ്യങ്ങൾക്കൊപ്പം ബിജിപാലിന്‍റെ സംഗീതവും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും ചിത്രത്തെ മനോഹരമാക്കി. മമ്മൂട്ടി, മുത്തുമണി എന്നിവരോടൊപ്പം കാർത്തിക മുരളീധരൻ, ജോയ് മാത്യു, സുരേഷ് കൃഷ്ണ , ഗണപതി, മേഘനാഥൻ എന്നിവരും ഈ ചിത്രത്തിന്‍റെ താര നിരയുടെ ഭാഗമാണ്.