“പണം കുഴിച്ചെടുത്ത് രശ്മിക മന്ദന”; ധനുഷ് ചിത്രം ‘കുബേര’യിലെ രശ്മിക ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്…

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ആണ് സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ രശ്‌മിക മന്ദനയാണ് നായികയാകുന്നത്. രശ്‌മികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു വീഡിയോയും നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി.
ഈ ചിത്രത്തിൽ രശ്‌മിക അവതരിപ്പിക്കുക കരിയറിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാകും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വന്ന ഫസ്റ്റ് ലുക്ക്, വീഡിയോ എന്നിവ തരുന്നത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രശ്മിക മന്ദാന പണം നിറച്ച സ്യൂട്ട്കേസ് മണ്ണിനടിയിൽ നിന്ന് കുഴിച്ച് പുറത്തെടുക്കുന്നതും തുറന്ന് നോക്കുന്നതും ആണ് കാണാൻ കഴിയുന്നത്. സ്യൂട്ട്കേസ് തുറന്ന് പണം കാണുമ്പോൾ പ്രാർത്ഥനാപൂർവ്വമായ ഒരു ഭാവം പ്രകടിപ്പിച്ചതിന് ശേഷം അതുമായി നടന്നു നീങ്ങുന്നു. ദേവിശ്രീ പ്രസാദിന്റെ പശ്‌ചാത്തല സംഗീതം ഈ വീഡിയോയെ ഗംഭീരമാക്കുന്നുണ്ട്. വീഡിയോ:
സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരു ബഹുഭാഷാ പ്രൊജക്റ്റ് ആയാണ് കുബേരയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ഹൈദരാബാദിൽ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രശസ്ത നടൻ ജിം സർഭും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ചിത്രീകരണത്തോടൊപ്പം തന്നെ നടക്കുന്നുണ്ട്. പിആർഒ ശബരി.