കായംകുളം കൊച്ചുണ്ണിയെ ഇറോസ് ഇന്‍റർനാഷ്ണൽ സ്വന്തമാക്കിയത് 25 കോടിയ്ക്ക്!
തീയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ പണം വാരുക ആണ് റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. നിവിൻ പോളി നായകനാകുന്ന ഈ ചിത്രം ഇറോസ് ഇന്റർനാഷണൽ സ്വന്തമാക്കിയതായി വാർത്തകൾ വന്നിരുന്നു. ഇപ്പോളിതാ ഈ തുക എത്ര എന്ന് വിവരം ലഭിച്ചിരിക്കുക ആണ്. 25 കോടിയ്ക്ക് ആണ് ഇറോസ് ഇന്‍റർനാഷ്ണൽ ചിത്രത്തിന്‍റെ വിവിധ അവകാശങ്ങൾ സ്വന്തം ആക്കിയത്. മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ അവകാശങ്ങൾ എല്ലാം ഇറോസിന് ആണ്.
ഓൾ ഇന്ത്യ വിതരണാവകാശം, ഡിജിറ്റൽ അവകാശം, മ്യൂസിക് റൈറ്റ്‌സ് തുടങ്ങിയവ എല്ലാം ഇറോസ് വമ്പൻ തുക നൽകി സ്വന്തമാക്കി. ഇത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ്. ഇറോസുമായുള്ള കരാർ പ്രകാരം ചിത്രത്തിന്‍റെ തിയേറ്റർ കളക്ഷനിൽ നിന്നുള്ള ലാഭവിഹിതവും നിർമ്മാതാവിനൊപ്പം പങ്കുവെക്കും.
വലിയ തുകയ്ക്ക് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഫാർസ് ഫിലിംസ് നാല് കോടി രൂപയ്ക്ക് ആണ് ഓവർസീസ് അവകാശം സ്വന്തമാക്കിയത്. കൂടാതെ കരാർ പ്രകാരം തിയേറ്റർ കളക്ഷന്റെ ഒരു ലാഭവിഹിതവും നിർമ്മാതാവിന് ലഭിക്കും.
ഇതിനു പുറമെ ഹിന്ദി ഡബ്ബിങ് റൈറ്റ്സിന് നാല് കോടിയും സാറ്റലൈറ്റ് അവകാശം പത്ത് കോടിയ്ക്ക് മുകളിലും ചിത്രത്തിന് ലഭിക്കും എന്നാണ് വിവരം. ശ്രീ ഗോകുലം മൂവീസ് നാല്‍പത് കോടിയോളം ചിലവിൽ നിർമ്മിച്ച ചിത്രത്തിന് പ്രീ റിലീസ് ബിസിനസിലൂടെ മാത്രം നിർമ്മാതാവിന് മുതൽമുടക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞിരിക്കുന്നു.
ചിത്രത്തിന്‍റെ മികച്ച ഗുണ നിലവാരവും സൂപ്പർതാരം മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ എത്തുന്നതും ആണ് ചിത്രത്തിന്‍റെ പ്രീ റിലീസിന് ബിസിനസിന് ഗുണകരം ആയതായി വിലയിരുത്തുന്നത്.