in

ദുൽഖറിൻ്റെ ‘കാന്ത’യിൽ ഗംഭീര ലുക്കിൽ സമുദ്രക്കനിയും; സ്പെഷ്യൽ പോസ്റ്റർ എത്തി…

ദുൽഖറിൻ്റെ ‘കാന്ത’യിൽ ഗംഭീര ലുക്കിൽ സമുദ്രക്കനിയും; സ്പെഷ്യൽ പോസ്റ്റർ എത്തി…

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കാന്ത’യിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സമുദ്രക്കനിയുടെ പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഈ സ്പെഷ്യൽ ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം ദുൽഖർ നായകനാകുന്ന ഈ സിനിമയിൽ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശക്തമായ ഒന്നായിരിക്കുമെന്നാണ് സൂചനകൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമാ പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജ് ആണ് ‘കാന്ത’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ട് പ്രമുഖ നിർമ്മാണ കമ്പനികൾ ഒന്നിക്കുന്ന ഈ ചിത്രം റാണ ദഗ്ഗുബതിക്ക് തൻ്റെ മുത്തച്ഛൻ ഡി. രാമനായിഡുവിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്പിരിറ്റ് മീഡിയയുടെ പ്രധാന സംരംഭം കൂടിയാണ്. ഒപ്പം മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫേറർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന അന്യഭാഷാ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘കാന്ത’യ്ക്ക്.

1950-കളിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത് എന്ന സൂചനകളുണ്ട്. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവരെ കൂടാതെ റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാഗ്യശ്രീയുടെ ലുക്കും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ‘കാന്ത’യുടെ ടീസർ, ട്രെയിലർ, മറ്റ് വിവരങ്ങൾ എന്നിവ ഉടൻ തന്നെ പുറത്തുവരും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ തമിഴ് ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

ഉർവശി നായികയാകുന്ന ‘എൽ. ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’; ട്രെയിലർ പുറത്തിറങ്ങി

ബോക്സ് ഓഫീസിൽ ഷണ്മുഖ ഭരണം; ‘തുടരും’ ആദ്യ ദിന ആഗോളതല കളക്ഷൻ റിപ്പോർട്ട് പുറത്ത്…