ടോവിനോ തോമസ് – തൃഷ ചിത്രം ‘ഐഡന്റിറ്റി’ റിലീസ് അപ്‌ഡേറ്റ് പുറത്ത്

ഫോറൻസിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, അഖിൽ പോൾ – അനസ് ഖാൻ ടീം ഒരുക്കുന്ന പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തൃഷയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഈ ത്രില്ലർ ചിത്രം 2025 ജനുവരിയിലാണ് റിലീസ് ചെയ്യുക. ചിത്രം റിലീസ് ചെയ്യുന്ന കൃത്യമായ തീയതി പുറത്തു വിട്ടിട്ടില്ല. ജനുവരി ആദ്യ വാരം ഈ ചിത്രമെത്തുമെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത് ജനുവരി അവസാന വാരമായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ്.

പ്രശസ്ത തമിഴ് നടൻ വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷമ്മി തിലകൻ, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, അർച്ചന കവി, മേജർ രവി, ആദിത്യ മേനോൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ് , എഡിറ്റ് ചെയ്യുന്നത് ചമൻ ചാക്കോ എന്നിവരാണ്. സംഗീതം-ജേക്സ് ബിജോയ്. കോൺഫിഡന്റ് ഗ്രൂപ്പ്, രാഗം മൂവീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയാവും പ്രേക്ഷകരുടെ മുന്നിലെത്തുക. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുക.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. ആദ്യ ഭാഗം പ്രേക്ഷകർ സ്വീകരിക്കുകയാണെങ്കിൽ ഐഡന്റിറ്റിയുടെ രണ്ടാം ഭാഗവും ഒരുക്കാൻ പ്ലാൻ ഉണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. അഖിൽ പോൾ – അനസ് ഖാൻ എന്നിവർ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവരാണ്. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഐഡന്റിറ്റി ചിത്രീകരിച്ചത്.