ബുധനാഴ്ച ‘ഗോൾഡി’ന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിക്കും…

‘പ്രേമം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്’. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും നയൻതാരയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം സെപ്റ്റംബറിൽ ഓണം റിലീസ് ആയിട്ട് എത്തിക്കാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത് എങ്കിലും റിലീസ് നീട്ടുക ആയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ആണ് അവസാന നിമിഷം റിലീസ് മാറ്റിവെക്കേണ്ടി വന്നത്.
ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബാബുരാജ് ഗോൾഡ് ഡിസംബറിൽ പ്രദർശനത്തിനെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എങ്കിലും കൃത്യമായ റിലീസ് തീയതി നിർമ്മാതാക്കൾ ഔദ്യോഗികമായി ഉടനെ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുക ആയിരുന്നു ആരാധകർ. ഇപ്പോൾ നിർമ്മാതാക്കളായ മാജിക് ഫ്രയിംസ് ഗോൾഡിന്റെ ഒരു അപ്‌ഡേറ്റ് ആയി എത്തിയിരിക്കുക ആണ്.
മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൽ സ്റ്റീഫൻ ആണ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ വരുന്ന ബുധനാഴ്ച (നവംബർ 23ന്) ഉച്ചയ്ക്ക് 1.12ന് ഗോൾഡിന്റെ റിലീസ് തീയതി പുറത്തുവിടും എന്നാണ് ലിസ്റ്റിൻ അറിയിച്ചിരിക്കുന്നത്. ഡിസംബർ 2ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് മുൻപ് പ്രചരിച്ചിരുന്നത്. ഡിസംബർ 1ന് ചിത്രം റിലീസ് ചെയ്യും എന്ന സൂചനയാണ് 1.12 എന്ന സമയം തിരഞ്ഞെടുക്കാൻ കാരണം എന്ന് വിലയിരുത്തുന്നുണ്ട്.
തിരക്കഥയും സംവിധാനവും കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ്, സ്റ്റണ്ട്, വിഎഫ്എക്സ്, ആനിമേഷൻ എന്നിവയും അൽഫോൺസ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും രാജേഷ് മുരുകേശൻ സംഗീതവും ഒരുക്കുന്നു. ലാലു അലക്‌സ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജഗദീഷ്, ഷൈൻ ടോം ചാക്കോ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, റോഷൻ മാത്യു തുടങ്ങിയവരാണ് ഗോൾഡിന്റെ വിപുലമായ സഹതാരങ്ങൾ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.