19 വർഷങ്ങൾക്ക് ശേഷം സഞ്ജയ് രാമസ്വാമി വീണ്ടുമെത്തുന്നു; സൂര്യയുടെ ഗജിനി റീ റിലീസ് നാളെ…
തമിഴിലെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് ഗജിനി. 2005 ഇൽ റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയിരുന്നു. അസിൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചത്. ഏതാനും വർഷങ്ങൾക്ക് ശേഷം ആമിർ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് തന്നെ ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയും അവിടെയും തരംഗം സൃഷ്ടിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഗജിനി റിലീസ് ചെയ്ത് പത്തൊൻപത് വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. നാളെ കേരളത്തിലും വമ്പൻ റിലീസായാണ് ഗജിനി വീണ്ടുമെത്തുന്നത്. പുത്തൻ സാങ്കേതിക മികവോടെയാണ് ഗജിനി ഇത്തവണ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ടു കെ ദൃശ്യ മികവിലായിരിക്കും ഈ ചിത്രം ഈ റീ റിലീസിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുക.
ഗജിനിയുടെ പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വേർഷൻ പ്രേക്ഷകർക്ക് ഒരു ഗംഭീര തീയേറ്റർ അനുഭവമാകും സമ്മാനിക്കുക എന്നുറപ്പാണ്. സൂര്യ, അസിൻ എന്നിവർക്കൊപ്പം നയൻതാരയും അഭിനയിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എ ആർ മുരുഗദോസ് തന്നെയാണ്. റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ ആണ് നിർമ്മിച്ചത്.
ഹാരിസ് ജയരാജ് ഈണമിട്ട ഇതിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രീയപെട്ടവയാണ്. റോഷിക എന്റർപ്രൈസസ് റീലീസ് ആണ് ഈ ചിത്രം നാളെ കേരളത്തിൽ റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ റീ റിലീസ് തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
Content Summary: Ghajini Re Release Update