ബ്രഹ്മാണ്ഡ ലൊക്കേഷൻ ഹണ്ട് പൂർത്തിയായി; ‘എമ്പുരാൻ’ ഷൂട്ടിംഗ് ഓഗസ്റ്റിൽ, അപ്‌ഡേറ്റുകൾ…

മലയാള സിനിമാ ചരിത്രത്തിലെ വലിയ ഒരു അടയാളപ്പെടുത്തൽ ആയിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രം. മലയാള സിനിമയുടെ മാർക്കറ്റ് മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ഈ ചിത്രം മൂന്ന് ഇൻസ്റ്റാൾമെന്റ് ഉള്ള ഒരു ട്രൈലോജിയിലെ ആദ്യ ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ എമ്പുരാന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ആണിപ്പോൾ പുറത്തുവരുന്നത്.
ആറ് മാസങ്ങളോളം നീണ്ട ലൊക്കേഷൻ ഹണ്ട് പൂർത്തിയായിരിക്കുകയാണ്. ആയിരത്തിലധികം ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ 6 രാജ്യങ്ങളിൽ ചിത്രീകരണം ഉണ്ടാകും. ഓഗസ്റ്റ് 15ന് ചിത്രീകരണം തുടങ്ങും. ഈ വിവരങ്ങൾ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിനായുള്ള ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ട് ആണ് എമ്പുരാന് വേണ്ടിയിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉത്തരേന്ത്യയിൽ ആണ് ആറ് മാസം നീണ്ട ലൊക്കേഷൻ ഹണ്ട് അവസാനിച്ചത്. ഈ യാത്രയിൽ സംവിധായകൻ പൃഥ്വിരാജിന് ഒപ്പം ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്റ്റർ ബാവ എന്നിവരും ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യ ചിത്രത്തിലെ എന്നപോലെ മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ താരനിർണയം പൂർത്തിയായിട്ടില്ല എന്നും സൂചനയുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. തിയേറ്റർ – ഒടിടി ബിസിനസുകളിൽ എല്ലാം തന്നെ മലയാള സിനിമയുടെ തലവര തന്നെ മാറ്റി മറിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗം വരുമ്പോൾ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തും എന്നത് തീർച്ചയാണ്.