വൻ ബജറ്റിൽ വമ്പൻ ആക്ഷനുമായി ദുൽഖർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു; ‘ഐ ആം ഗെയിം’ ആരംഭിച്ചു

മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ തലസ്ഥാന നഗരിയിൽ വെച്ച് നടന്നു. ചടങ്ങളിൽ ദുൽഖർ എത്തിയില്ലെങ്കിലും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്ന ആന്റണി വർഗീസ്, തമിഴിലെ പ്രമുഖ നടനും സംവിധായകനുമായ മിഷ്കിൻ എന്നിവർ ഉൾപ്പെടെയുള്ള ഐ ആം ഗെയിം ടീം പങ്കെടുത്തു.
“ഐ ആം ഗെയിം” മിഷ്കിൻ അഭിനയിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയുമുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സംഭാഷണം രചിക്കുന്നത് ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ്. സൂപ്പർഹിറ്റ് ചിത്രം “ആർഡിഎക്സിന്” ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ നാല്പതാമത്തെ സിനിമയാണ്. ചിത്രത്തിൽ ആന്റണി വർഗീസും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു പുറത്തുവന്നിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തിരുവനന്തപുരത്താണ് പ്ലാൻ ചെയ്തിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൂചനകൾ അനുസരിച്ച്, ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടാകും. “ഐ ആം ഗെയിം” എന്ന ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള സിനിമയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി.