റോഷാക്ക് സംവിധായകന്റെ ചിത്രത്തിൽ ദിലീപും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു?

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ റോഷാക്ക് എന്ന മെഗാ ഹിറ്റും, ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റും ഒരുക്കി കയ്യടി നേടിയ സംവിധായകനാണ് നിസാം ബഷീർ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി തന്റെ അടുത്ത ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാം ബഷീർ.
ദിലീപിനൊപ്പം പ്രശസ്ത താരം ധ്യാൻ ശ്രീനിവാസനും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെങ്കിലും, ഈ വാർത്ത എത്തിയതോടെ ദിലീപ് ആരാധകർ ആവേശത്തിലാണ്. ദിലീപ് എന്ന നടനേയും താരത്തെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, എന്നിവർ ചേർന്നായിരിക്കും ഈ ദിലീപ്- ധ്യാൻ ശ്രീനിവാസൻ- നിസാം ബഷീർ ചിത്രം നിർമ്മിക്കുകയെന്നും, റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നതെന്നുമാണ് വാർത്തകൾ വരുന്നത്. വിനീത് കുമാർ ഒരുക്കിയ പവി കെയർ ടേക്കർ ആണ് ദിലീപിന്റെ അടുത്ത റിലീസ്. ഏപ്രിൽ അവസാന വാരമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ വേഷമിടുന്നത്. അദ്ദേഹത്തിന്റെ 150 ആം ചിത്രം കൂടിയാണിത്. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ഭ.ഭ.ബ എന്ന ചിത്രത്തിലും ദിലീപ് ഈ വർഷം അഭിനയിക്കും.