in

ഫോർ കെ ദൃശ്യ മികവോടെ മോഹൻലാലിന്റെ ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ദേവദൂതൻ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…

ഫോർ കെ ദൃശ്യ മികവോടെ മോഹൻലാൽ-സിബി-വിദ്യാസാഗർ ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ദേവദൂതൻ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് രണ്ടായിരാമാണ്ടിൽ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതൻ. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് മിനി സ്‌ക്രീനിലൂടെ വലിയ അഭിപ്രായം നേടിയെടുത്ത ഈ മനോഹര ചിത്രം, ഇപ്പോൾ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. രഘുനാഥ് പലേരി തിരക്കഥ രചിച്ച ദേവദൂതൻ ഹൊറർ/ ഫാന്റസി ഘടകങ്ങൾ കൂട്ടിയിണക്കി കഥ പറഞ്ഞ ഒരു ത്രില്ലറായാണ് ഒരുക്കിയത്.

മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന രീതിയിൽ ഒരുക്കിയ ഈ ചിത്രം, ഇപ്പോൾ 24 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ദേവദൂതന്റെ 4കെ ഫോർമാറ്റിൽ റീ മാസ്റ്റർ ചെയ്ത പ്രിന്റ് ആണ് ഈ വർഷം പ്രേക്ഷകരുടെ മുന്നിലെത്തുക. റീ-റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അധികം വൈകാതെ തന്നെ ഈ ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും എന്ന സൂചന നല്കി ഒരു കമിങ് സൂൺ പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ടു.

കോക്കേഴ്സ്‌ മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സിയാദ് കോക്കർ ആണ് ഈ ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ജയപ്രദ, മുരളി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, വിനീത് കുമാർ, വിജയ ലക്ഷ്മി, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വിദ്യാസാഗറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. വിശാൽ കൃഷ്ണമൂർത്തി എന്ന് പേരുള്ള ഒരു സംഗീതജ്ഞനായാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിട്ടത്.

‘തിര’യ്ക്ക് ശേഷം ആ പ്രത്യേകതയോടെ പുതിയ വിനീത് ചിത്രം ഒരുങ്ങുന്നു; ലഭ്യമായ വിവരങ്ങൾ ഇങ്ങനെ…

കാത്തിരിപ്പ് അവസാനിപ്പിച്ച്, ആവേശം പകർന്ന് ‘ഭൈരവ ആന്തം’ എത്തി; ‘കൽക്കി 2898 AD’ വീഡിയോ ഗാനം പുറത്ത്…