79 ദിവസം കൊണ്ട് ‘ക്രിസ്റ്റഫർ’ തീർത്ത് ബി ഉണ്ണികൃഷ്ണൻ; മമ്മൂട്ടി ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക്…
ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായത് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു. ഇപ്പോൾ ഈ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം മുഴുവന്‍ പൂർത്തിയായതായി അറിയിച്ചിരിക്കുക ആണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. 79 ദിവസങ്ങൾ കൊണ്ടാണ് ക്രിസ്റ്റഫറിന്റെ ചിത്രീകരണം ഉണ്ണികൃഷ്ണൻ പൂർത്തിയാക്കിയത്. 65 ദിവസങ്ങളോളം മമ്മൂട്ടിക്ക് ഷൂട്ട് ഉണ്ടായിരുന്നു. ഇനി ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുക ആണ്.
ക്രിസ്റ്റഫർ ക്രൂവിന് ഒപ്പമുള്ള ചിത്രവും ബി ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കും മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അദ്ദേഹം ഫ്ബി പോസ്റ്റിൽ നന്ദി പറഞ്ഞു. 12 വർഷങ്ങൾക്ക് ശേഷമാണ് ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ പ്രമാണി ആയിരുന്നു ഈ കൂട്ട്കെട്ടിന്റെ മുൻ ചിത്രം. ബി ഉണ്ണികൃഷ്ണന്റെ ഫ്ബി പോസ്റ്റ്:
ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രമായ പോലീസുകാരനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥനായ ക്രിസ്റ്റഫറിന്റെ മുൻകാല ജീവിതവുമായി ബന്ധമുള്ള കൊലപാതക അന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ ആയി എത്തുന്നത്. പ്രശസ്ത തമിഴ് നടൻ വിനയ് റായ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, ജിനു എബ്രഹാം, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജസ്റ്റിൻ വർഗീസാണ് ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നത്. മനോജ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ആർ ഡി ഇല്യൂമിനേഷൻസ് നിർമ്മിക്കുന്ന ക്രിസ്റ്റഫർ ഈ വർഷം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.