തീയേറ്ററുകളിൽ ‘അവതാർ’ എത്തി; എൻഡ് ക്രെഡിറ്റിൽ ‘അവതാർ 2’വിന്‍റെ 10 മിനിറ്റോളം വരുന്ന സീനുകളും…

ബ്രഹ്മാണ്ഡ സിനിമകളിലെ ബ്രഹ്മാണ്ഡ സിനിമ എന്ന വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമേ ഉള്ളൂ. അത് ജെയിംസ് കാമറൂണിന്റെ ‘അവതാർ’ ആണ്. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ നാല് തുടര്‍ ഭാഗങ്ങൾ ആണ് നിർമ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രമായ ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ഈ വർഷം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പഴയ അവതാർ റീ മാസ്റ്റർ ചെയ്ത് തീയേറ്ററുകളിൽ കഴിഞ്ഞ ദിവസം എത്തിയിരിക്കുക ആണ്.
4കെ എച് ഡി ആർ ദൃശ്യ മികവും 9.1 സൗണ്ട് ക്വാളിറ്റിയോടെയും എത്തിയിരിക്കുന്ന ഒറിജിനൽ ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ എൻഡ് ക്രെഡിറ്റിൽ 10 മിനിറ്റോളം വരുന്ന അവതാർ 2 കാഴ്ച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമ തീർന്നതായി കരുതി തീയേറ്ററുകൾ വിട്ട നിരവധി പ്രേക്ഷകർ ഈ സീനുകൾ മിസ് ആയതായി സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വിസ്മയ കാഴ്ചകൾ ആണ് അവതാർ 2വിന്റെ ഈ ദൃശ്യങ്ങൾ എന്ന് കണ്ടിറങ്ങിയവർ അഭിപ്രായപെടുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ ആണ് ട്വിറ്ററിൽ നിറയുന്നത്.
രണ്ട് ആഴ്ചകളോളം മാത്രമേ അവതാർ തീയേറ്ററുകളിൽ ഉണ്ടാവൂ എന്നാണ് റിപ്പോർട്ട്. ‘സെപ്റ്റംബർ 23ന് ചുരുങ്ങി കാലത്തേക്ക് മാത്രമാണ് ബിഗ് സ്ക്രീനിലേക്ക് അവതാർ തിരിച്ചെത്തുന്നത്’ എന്നാണ് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രം ബിഗ് സ്ക്രീനിൽ ആദ്യമായി കാണാനും വീണ്ടും കാണാനും അവസരം ലഭിച്ചതിന്റെ സന്തോഷം നിരവധി പ്രേക്ഷകർ പങ്കുവെക്കുന്നു.