in

വയനാട് സന്ദർശിച്ച് മോഹൻലാൽ, 3 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു; മുണ്ടക്കൈ സ്കൂൾ പുനർനിർമ്മിക്കും

വയനാട് സന്ദർശിച്ച് മോഹൻലാൽ, 3 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു; മുണ്ടക്കൈ സ്കൂൾ പുനർനിർമ്മിക്കും

വയനാടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. കഴിഞ്ഞ ദിവസം ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സന്ദർശനത്തിന് എത്തിയത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ മോഹൻലാൽ അതിന് ശേഷം മുണ്ടക്കൈയിലേക്കും പോയി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത മോഹൻലാൽ, ഇന്ന് തൻ്റെ അച്ഛൻ്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി എന്ന കാരുണ്യ സംഘടന വഴി 3 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ അറിയിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ മദ്രാസ് 122 ബറ്റാലിയനിൽ കഴിഞ്ഞ 16 വർഷമായി താനും അംഗമാണ് എന്നും അവരടക്കമുള്ള രക്ഷാപ്രവ‍ർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ എത്തിച്ചേർന്നതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ അവിടെ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വളണ്ടിയര്‍മാരുമായി സംസാരിക്കുകയും ചെയ്തു. തൻ്റെ ഔദ്യോഗിക സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം സംവിധായകൻ മേജര്‍ രവിയും കണ്ണൂർ ടെറിട്ടോറിയൽ ആർമിയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വയനാട്ടിലെ ഉൾപ്പെടെയുള്ള ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു എന്നും തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മോഹൻലാൽ കുറിച്ചിരുന്നു.

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം

ഫിലിം ഫെയർ അവാർഡ് വേദിയിലും വയനാടിനെ നെഞ്ചോടു ചേർത്ത് മമ്മൂക്ക