വീണ്ടും മാസ്സ് പോലീസ് ഓഫീസറായി മമ്മൂട്ടി ; ഗ്രേറ്റ് ഫാദറും കസബയുമായി ചിത്രത്തിനൊരു ബന്ധം!
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഈ വർഷം പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ കേരളാ ഗ്രോസ്സർ ആണ്. ഗ്രേറ്റ് ഫാദറിന്‍റെ അമരക്കാരൻ ആയിരുന്ന ഹനീഫ് ഇപ്പോൾ ഇതാ മമ്മൂട്ടിക്ക് വേണ്ടി ഒരു മാസ്സ് പോലീസ് കഥാപാത്രത്തെ സൃഷ്ടിക്കുകയാണ് .
അബ്രഹാമിന്റെ സന്തതികൾ – എ പോലീസ് സ്റ്റോറി എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഹനീഫ് അദേനിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യാൻ പോകുന്നത് ഷാജി പാടൂർ ആണ്. ഇരുപതിൽ അധികം വർഷങ്ങൾ ആയി മലയാള സിനിമയിൽ സഹ സംവിധായകനായി ജോലി ചെയ്തു പരിചയം ഉള്ള ആളാണ് ഷാജി പാടൂർ.
അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്‍റെ ബാനറിൽ ടി എൽ ജോർജ് ആണ്. ടി എൽ ജോർജ് മമ്മൂട്ടിയെ നായകനാക്കി ഇതിനു മുൻപേ നിർമ്മിച്ച ചിത്രത്തിലും മമ്മൂട്ടി പോലീസ് ഓഫീസറുടെ കഥാപാത്രം ആണ് അവതരിപ്പിച്ചത് എന്നത് കൗതുകകരമായ വസ്തുതയാണ്. ആ ചിത്രവും സംവിധാനം ചെയ്തത് ഒരു നവാഗത സംവിധായകൻ ആയിരുന്നു. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തു കഴിഞ്ഞ വർഷം പ്രദർശനത്തിനു എത്തിയ കസബയാണ് ആ ചിത്രം. അടുത്ത വർഷം മധ്യത്തോടെ ആയിരിക്കും അബ്രഹാമിന്റെ സന്തതികൾ പ്രദർശനത്തിന് എത്തുക.
മമ്മൂട്ടി പോലീസ് ഓഫീസർ ആയി എത്തുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഷാംദത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ ആണ് മമ്മൂട്ടി പോലീസ് ഓഫീസർ ആയി എത്തുന്നത്.
ഈ വർഷം അവസാനത്തോടെ സ്ട്രീറ്റ് ലൈറ്റ്‌സ് പ്രദർശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബ്രഹാമിന്റെ സന്തതികളും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്.
ടി എൽ ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രം ജയസൂര്യ നായകനായ ക്യാപ്റ്റൻ ആണ്. അടുത്ത മാസം പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രജീഷ് സെൻ ആണ്.