in

ഇരുവറിന് ശേഷം ലാലേട്ടനൊപ്പം ഒടിയനില്‍ അഭിനയിക്കുന്ന സന്തോഷത്തില്‍ പ്രകാശ്‌ രാജ്

ഇരുവറിന് ശേഷം ലാലേട്ടനൊപ്പം ഒടിയനില്‍ അഭിനയിക്കുന്ന സന്തോഷത്തില്‍ പ്രകാശ്‌ രാജ്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതായി വാഴ്ത്തപ്പെടുന്ന നടനാണ്‌ മലയാളത്തിന്‍റെ പുണ്യമായ മോഹൻലാൽ. അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഏറ്റവും മുകളിൽ തന്നെ സ്ഥാനമുള്ള മറ്റൊരു നടനാണ് പ്രകാശ് രാജ്. ഇന്ത്യൻ സിനിമയിലെ ഒട്ടു മിക്ക പ്രധാന ഭാഷകളിലും അഭിനയിച്ചിട്ടുള്ള പ്രകാശ് രാജ് എല്ലാ ഭാഷകളിലും ഏറെ അറിയപ്പെടുന്ന നടൻ കൂടിയാണ്.

മോഹന്‍ലാലും പ്രകാശ്‌ രാജും വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ ഒരുമിച്ചു അഭിനയിച്ചിട്ടുള്ളു. അതിൽ തന്നെ ഏറ്റവും അവസാനമായി അഭിനയിച്ചത് മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ ആയിരുന്നു. മോഹൻലാൽ എം ജി ആർ നെയും പ്രകാശ് രാജ് കരുണാനിധിയെയും അനുസ്മരിപ്പിക്കുന്ന വേഷങ്ങൾ ചെയ്ത ആ ചിത്രം, ഇന്നും മണിരത്‌നത്തിന്‍റെ ഏറ്റവും മികച്ച ചിത്രമായും മോഹൻലാലിന്‍റെയും പ്രകാശ് രാജിന്‍റെയും കരിയർ ബെസ്ററ് പെർഫോമൻസുകളിൽ ഒന്നായും ആണ് പരിഗണിക്കപ്പെടുന്നത്.

ഇരുവർ പുറത്തിറങ്ങി ഏകദേശം 20 വർഷങ്ങൾക്കിപ്പുറം ഈ വിസ്മയങ്ങൾ ഒരിക്കൽ കൂടി തിരശീലയിൽ ഒന്നിക്കുകയാണ്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായാണ് ഒടിയൻ ഒരുങ്ങുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.

പാലക്കാടു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒടിയന്‍റെ രണ്ടാം ഷെഡ്യൂളിൽ താൻ ജോയിൻ ചെയ്തു കഴിഞ്ഞു എന്നും മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്‍റെ സന്തോഷവും പങ്കു വെച്ച് കൊണ്ട് ഇന്നലെ പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.

ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് പ്രകാശ് രാജ് എത്തുന്നത്. മഞ്ജു വാര്യർ നായിക ആവുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശരത് കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും ഈ ചിത്രത്തിൽ അഭിനയിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ കാശിയിൽ ഓഗസ്റ്റ് അവസാന വാരം കഴിഞ്ഞിരുന്നു. ഇനി തുടർച്ചയായി 100 ദിവസം പാലക്കാട് ആണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. അവിടെ തേങ്കുറിശ്ശി എന്ന ഗ്രാമത്തിന്‍റെ സെറ്റ് ഒരുക്കിയാണ് ചിത്രീകരണം. 1950 മുതലുള്ള കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒരുക്കുന്നത്.

ഒടിയൻ മാണിക്യൻ എന്ന ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയന്റെ കഥാപാത്രം ആയി ആണ് മോഹൻലാൽ എത്തുന്നത്‌. പീറ്റർ ഹെയ്‌ൻ സംഘട്ടനവും ഷാജി കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് എം ജയചന്ദ്രൻ ആണ്.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഷൂട്ടിംഗ് അവസാനിച്ചു; ഇനി ഇതാ രസകരമായ ഒരു മത്സരം!

വീണ്ടും മാസ്സ് പോലീസ് ഓഫീസറായി മമ്മൂട്ടി ; ഗ്രേറ്റ്‌ ഫാദറും കസബയുമായി ചിത്രത്തിനൊരു ബന്ധം!