in , ,

മെഗാ താരങ്ങൾ ഒന്നിക്കുന്ന വമ്പൻ സ്പൈ ത്രില്ലർ; പ്രതീക്ഷ നല്കി ‘പേട്രിയറ്റ്’ ട്രെയിലർ

മെഗാ താരങ്ങൾ ഒന്നിക്കുന്ന വമ്പൻ സ്പൈ ത്രില്ലർ; പ്രതീക്ഷ നല്കി ‘പേട്രിയറ്റ്’ ട്രെയിലർ

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന “പേട്രിയറ്റ്” ട്രെയിലർ പുറത്ത്. മലയാളത്തിൻ്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയിലർ പുറത്ത് വിട്ടത്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് തൃശൂർ രാഗം തീയേറ്ററിൽ മമ്മൂട്ടി ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തീയേറ്ററിൽ മോഹൻലാൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടത്തിയത്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എന്നതാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ചിത്രം മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും

മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.

ഒരു വമ്പൻ സ്പൈ ത്രില്ലർ ആയി അവതരിപ്പിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുന്ന ട്രെയിലറിന്റെ ഹൈലൈറ്റ് മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളാണ്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൻ്റെ ട്രെയിലറിൻ്റെ മറ്റൊരു ഹൈലൈറ്റ് സുഷിൻ ശ്യാമിന്റെ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതമാണ്.

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രം രചിച്ചത്.

ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

അഞ്ച് വർഷത്തെ കാത്തിരിപ്പ്, ഹോളിവുഡ് നിലവാരത്തിൽ ദൃശ്യങ്ങൾ; കത്തനാർ ടീസർ ട്രെയിലർ

ആ റെക്കോർഡ് പട്ടികയിൽ ലാലേട്ടനും വിജയ്ക്കും രജിനിക്കും ഒപ്പം ഇനി ഹാഷിറും ടീമും; ‘വാഴ 2’ പുതിയ ചരിത്രത്തിലേക്ക്!