“ചരിത്രം ആവർത്തിക്കും!”; ദൃശ്യം ആദ്യഭാഗത്തെ ഓർമ്മിപ്പിച്ച് ‘ദൃശ്യം 3’ പുതിയ പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3 യുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന രീതിയിലാണ് പുതിയ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2026 ഏപ്രിൽ രണ്ടിന് ആഗോള റിലീസായി എത്തും. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഇന്റർനാഷണൽ മാർക്കറ്റിലും എത്തിക്കുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ തീയേറ്റർ ചാർട്ടിങ് പുരോഗമിക്കുകയാണ്. കേരളത്തിലെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകളായ എറണാകുളം കവിത, കോഴിക്കോട് അപ്സര, കോട്ടയം അഭിലാഷ്, തൃശൂർ രാഗം തുടങ്ങി എല്ലാം ദൃശ്യം 3 ക്കു വേണ്ടി ഒരുങ്ങുകയാണ്. ഹർത്താൽ, സമരം തുടങ്ങി എന്ത് തന്നെ സംഭവിച്ചാലും ഏപ്രിൽ 2 മുതൽ ഏറ്റവും കുറഞ്ഞത് നാലാഴ്ചത്തേക്ക് ദിവസേന നാല് ഷോകൾ വെച്ച് ചിത്രം പ്രദർശിപ്പിക്കണം എന്ന നിബന്ധന അംഗീകരിച്ചു കൊണ്ടാണ് കേരളത്തിലെ തീയേറ്ററുകൾ ദൃശ്യം 3 എടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
#Drishyam3 | Worldwide Release | April 2, 2026@jeethu4ever @antonypbvr @KumarMangat @jayantilalgada @AbhishekPathakk #MeenaSagar@aashirvadcine @PanoramaMovies @PenMovies @ram_rampagepix @Rajeshmenon1969 @Abh1navMehrotra @drishyam3movie @pharsfilm pic.twitter.com/ZJvWCIH43m
— Mohanlal (@Mohanlal) February 13, 2026
ഷൂട്ടിംഗ് അവസാനിക്കുന്നതിനു മുൻപ് തന്നെ 150 കോടിക്ക് മുകളിൽ പ്രീ റിലീസ് ബിസിനസ്സ് സ്വന്തമാക്കി ചിത്രം ചരിത്രം കുറിച്ചിരുന്നു. മലയാളത്തിൽ ഒരു സിനിമ നേടുന്ന ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ്സ് ആണ് ചിത്രം സ്വന്തമാക്കിയത്. മോഹൻലാൽ കൂടാതെ മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാർ, ഇർഷാദ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അനിൽ ജോൺസൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്. വി എസ് വിനായക് ആണ് ചിത്രത്തിന്റെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ് തുറന്നു ചരിത്രം കുറിച്ച ദൃശ്യത്തിനും, നേരിട്ടുള്ള ഒടിടി റിലീസായെത്തി പാൻ ഇന്ത്യൻ സെൻസേഷൻ ആയി മാറിയ ദൃശ്യം 2 നും ശേഷം വരുന്ന ഈ മൂന്നാം ഭാഗത്തെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


