കോമഡി കാണിച്ചു ബോറടിച്ചു, ഇനി ട്വിസ്റ്റ്; തിളങ്ങാൻ ഇന്ദ്രൻസ്, ‘ആശാൻ’ ട്രെയിലർ

മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ് ടൈറ്റിൽ റോളിലെത്തുന്ന ‘ആശാൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ‘ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 5ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഗപ്പി സിനിമാസുമായി സഹകരിച്ച് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു സിനിമാ സെറ്റിനുള്ളിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ‘ആശാൻ’ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ അഞ്ഞൂറിലധികം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഇന്ദ്രൻസ്, തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കൊമേഴ്സ്യൽ ഹീറോ വേഷത്തിലാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. യുവതാരം ജോമോൻ ജ്യോതിർ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അബിൻ ബിനോ, മദൻ ഗൗരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഹാസ്യത്തിനും വൈകാരിക നിമിഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിമല ജോസ് തച്ചിലും എഡിറ്റിംഗ് കിരൺ ദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ ജോർജ് തന്നെയാണ് സംഗീതം പകരുന്നത്.

