ദൃശ്യം 3 ചിത്രീകരണം പൂർത്തിയായി; വൈറലായി മോഹൻലാൽ പങ്കുവെച്ച പാക്കപ്പ് വീഡിയോ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രം പൂർത്തിയായ വിവരം പങ്ക് വെച്ച് കൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ച വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. ചിത്രത്തിന്റെ അവസാന ഷോട്ട് എടുക്കുന്ന വീഡിയോ ആണ് മോഹൻലാൽ പങ്ക് വെച്ചത്.
മോഹൻലാലിനൊപ്പം ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, മുരളി ഗോപി, ഗണേഷ് കുമാർ, സിദ്ദിഖ് എന്നിവരും ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയുടെ ഭാഗമാണ്. കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ച് കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത് ദൃശ്യം 3 ടീം ആഘോഷിച്ചത്. ദൃശ്യം 3 പൂർത്തിയാക്കിയ മോഹൻലാൽ, ജയിലർ 2 ൽ ജോയിൻ ചെയ്യാൻ ഗോവയിൽ എത്തുകയും ചെയ്തു.
നേരത്തെ ഷൂട്ട് പൂർത്തിയാവുന്നതിന് മുൻപ് തന്നെ 160 കോടി രൂപയുടെ റെക്കോർഡ് പ്രീ റിലീസ് ബിസിനസ്സ് സ്വന്തമാക്കി ദൃശ്യം 3 മലയാള സിനിമയിൽ ചരിത്രം കുറിച്ചിരുന്നു. ബോളിവുഡ് കമ്പനിയായ പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ തീയേറ്റർ, നോൺ തീയേറ്റർ അവകാശങ്ങൾ സ്വന്തമാക്കിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് അവകാശവും അവരാണ് സ്വന്തമാക്കിയത്.
ദൃശ്യം 3 ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. മലയാളം പതിപ്പാണ് ആദ്യം റിലീസ് ചെയ്യുക. മലയാളം പതിപ്പ് പുറത്തു വന്നു രണ്ടു മാസം കഴിഞ്ഞു മാത്രമേ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ അനുവാദം ഉള്ളു എന്നാണ് റിപ്പോർട്ട്. അനിൽ ജോൺസൻ സംഗീതമൊരുക്കുന്ന ദൃശ്യം 3 ക്ക് കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, എഡിറ്റിംഗ് നിർവഹിക്കുന്നത് വി എസ് വിനായക്.
മീന, അൻസിബ ഹാസൻ, എസ്തർ അനിൽ, ഇർഷാദ് അലി, ആശ ശരത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം റിലീസ് ചെയ്തത് 2013 ലും, അതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 എത്തിയത് 2021 ലുമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹളീസ്, കൊറിയൻ, ചൈനീസ്, ഇൻഡോനേഷ്യൻ തുടങ്ങി ഒട്ടേറെ പ്രാദേശിക, അന്തർദേശീയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

