in

ദൃശ്യം 3 ആഗോള തീയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ദൃശ്യം 3 ആഗോള തീയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്; മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി ആശീർവാദ് സിനിമാസ്

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ ആഗോള തീയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. ചിത്രത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും തീയേറ്റർ വിതരണ അവകാശവും ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങളുമാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീൽ ആണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 ന്റെ ചിത്രീകരണം ഡിസംബർ ആദ്യ വാരം പൂർത്തിയാവാൻ ഇരിക്കെയാണ് ഈ ഡീൽ നടന്നിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പതിപ്പിന്റെ അവകാശങ്ങളും പനോരമ തന്നെയാണ് സ്വന്തമാക്കിയത്. അജയ് ദേവ്‌ഗൺ നായകനാവുന്ന ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ഡിസംബറിൽ ആണ് ആരംഭിക്കൂ. ചിത്രത്തിന്റെ മലയാളം പതിപ്പ് ആയിരിക്കും ആദ്യം പ്രദർശനത്തിന് എത്തുക എന്നാണ് വിവരം. 2026 ജനുവരി 22 അല്ലെങ്കിൽ മാർച്ച് 19 എന്നീ ഡേറ്റുകൾ ആണ് ചിത്രം റിലീസ് റിലീസ് ചെയ്യാനായി പരിഗണിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ഇപ്പോൾ നടത്തിയ ഈ ഡീലിലൂടെ വമ്പൻ സാമ്പത്തിക ലാഭമാണ് ആശീർവാദ് സിനിമാസ് സ്വന്തമാക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് വിതരണം, ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ എന്നിവ വഴി ചിത്രത്തിന്റെ മുതൽ മുടക്കിന്റെ അഞ്ചിരട്ടിയോളം ലാഭമാണ് ചിത്രീകരണം പൂർത്തിയാവുന്നതിന് മുൻപേ ആശീർവാദ് സിനിമാസിനെ തേടിയെത്തിയത് എന്നാണ് വിവരം. മലയാളം പതിപ്പ് റിലീസ് ആയി ഒരു മാസത്തിനുള്ളിൽ ഒടിടിയിൽ സ്ട്രീം ചെയ്താൽ , അത് ഹിന്ദി പതിപ്പിന്റെ റിലീസിനെ ബാധിക്കും എന്നത് കൊണ്ടാണ് മലയാളം പതിപ്പിന്റെ ഡിജിറ്റൽ അവകാശം ഉൾപ്പെടെ പനോരമ സ്വന്തമാക്കിയത് എന്നാണ് വിവരം.

അത്കൊണ്ട് തന്നെ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ദൃശ്യം 3 മലയാളം പതിപ്പ് ഒടിടിയിൽ സ്ട്രീം ചെയ്യില്ല എന്നും ഇതോടെ ഉറപ്പായി കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ തീയേറ്റർ റിലീസിന് ശേഷം ആയിരിക്കും മലയാളം പതിപ്പ് ഒടിടിയിൽ വരാനുള്ള സാധ്യതയുള്ളൂ എന്ന് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നു. ഹിന്ദി പതിപ്പ് 2026 ഒക്ടോബർ റിലീസ് ആയി പ്ലാൻ ചെയ്യുന്നതിനാൽ തന്നെ, മലയാളം- ഹിന്ദി പതിപ്പുകൾ ഒരുമിച്ചു റിലീസ് ചെയ്യാനുള്ള സാധ്യതകളും നിലവിലെ സാഹചര്യത്തിൽ ഇല്ല.

ദൃശ്യം 3 മലയാളം പതിപ്പ് റിലീസ് ചെയ്യുമ്പോൾ, അതിന്റെ ഡബ്ബ് റസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് മാർക്കറ്റിൽ ഉണ്ടാവില്ല എന്നും സൂചനയുണ്ട്. മലയാളം പതിപ്പ് മാത്രം ആയിരിക്കും എല്ലാ മാർക്കറ്റിലും പുറത്തു വരുന്നത്. മീന, അൻസിബ ഹാസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, ഇർഷാദ് എന്നിവരും വേഷമിടുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിൽ ജോൺസൻ, കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, എഡിറ്റിംഗ് നിർവഹിക്കുന്നത് വി എസ് വിനായക്.

ബാലയ്യ-നയൻതാര ജോഡി വീണ്ടും; ബ്രഹ്മാണ്ഡ ചിത്രം ‘NBK111’ പൂജയോടെ തുടങ്ങി

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ; നഹാസ് ഒരുക്കുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് പുറത്ത്