in

‘രാജാസാബി’ലെ വമ്പൻ പ്രേതക്കൊട്ടാരം; പ്രഭാസ് ചിത്രത്തിന് പിന്നിൽ തലശ്ശേരിക്കാരൻ രാജീവൻ നമ്പ്യാരുടെ കരവിരുത്!

‘രാജാസാബി’ലെ വമ്പൻ പ്രേതക്കൊട്ടാരം; പ്രഭാസ് ചിത്രത്തിന് പിന്നിൽ തലശ്ശേരിക്കാരൻ രാജീവൻ നമ്പ്യാരുടെ കരവിരുത്!

സൂപ്പർതാരം പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഹൊറർ-ഫാന്റസി ചിത്രം ‘രാജാസാബി’ റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ അണിയറ വിശേഷങ്ങളാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, തലശ്ശേരിക്കാരനായ ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാർ ഒരുക്കിയ കൂറ്റൻ സെറ്റുകളാണ്.

ഐതിഹ്യങ്ങളും മിത്തുകളും ഇടകലർന്ന ഒരു ഫാന്റസി ലോകമാണ് ‘രാജാസാബി’ലൂടെ മാരുതി ഒരുക്കുന്നത്. ചിത്രത്തിലെ നിർണ്ണായക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് 42,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വമ്പൻ പ്രേതക്കൊട്ടാരത്തിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പഴയ കൊട്ടാരത്തിന്റെ മാതൃകയിലാണ് രാജീവൻ നമ്പ്യാർ ഈ സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലായി മുപ്പതോളം സെറ്റുകളാണ് രാജാസാബിനായി അദ്ദേഹം ഒരുക്കിയത്.

മലയാള സിനിമയിൽ ‘ഉദയനാണ് താരം’, ‘കാണ്ടഹാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ കലാസംവിധായകനായി ശ്രദ്ധേയനായ രാജീവൻ നമ്പ്യാർ, 1994 മുതൽ സിനിമാരംഗത്ത് സജീവമാണ്. തമിഴിൽ ‘കാക്ക കാക്ക’, ‘വേട്ടയാട് വിളയാട്’, ‘വാരണം ആയിരം’, ‘അയൻ’, ‘വിണ്ണൈത്താണ്ടി വരുവായാ’, ‘ഏഴാം അറിവ്’, ‘കാഷ്മോര’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. തെലുങ്കിൽ ‘നാൻ പേര് സൂര്യ’, ‘ധ്രുവ’, ‘ഗ്യാങ് ലീഡർ’, ‘സെയ്റാ നരസിംഹ റെഡ്ഡി’, ‘വക്കീൽ സാബ്’ തുടങ്ങിയ സിനിമകളിലൂടെയും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. ജയസൂര്യയുടെ ‘കത്തനാർ’, അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം എന്നിവയാണ് രാജീവൻ നമ്പ്യാരുടെ കലാസംവിധാനത്തിൽ ഇനി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

‘ചെയ്യുന്ന എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട്, രാജാസാബിൽ ഗോസ്റ്റ് എലമെന്‍റ് കൊണ്ട് വരാൻ വേണ്ടി നിറം, ആകൃതി അങ്ങനെ എല്ലാം വ്യത്യസ്തമാക്കിയാണ് ചെയ്തത്. ഭിത്തികള്‍ക്ക് കോർണറുകള്‍ കൊടുക്കാതെ കർവ്ഡ് ആക്കിയാണ് ചെയ്തത്, ഒരു ഗോസ്റ്റ്‌ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണത്. മൂന്ന് മാസത്തോളമെടുത്തായിരുന്നു ഡിസൈൻ പൂർത്തിയാക്കിയത്. രണ്ടരമാസത്തോളമായി 1200-ഓളം പേരുടെ അധ്വാനം ഈ സെറ്റ് ഒരുക്കിയതിന് പിന്നിലുണ്ട്. സെറ്റ് കണ്ട ശേഷം പ്രഭാസ് ഏറെ എക്സൈറ്റഡ് ആയിരുന്നു’, രാജീവൻ നമ്പ്യാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ-ഫാന്റസി സെറ്റിൽ വെച്ചായിരുന്നു ‘രാജാസാബി’ന്റെ ടീസർ ലോഞ്ച് ചടങ്ങ് നടന്നത്. മാധ്യമപ്രവർത്തകർക്ക് സെറ്റ് നേരിട്ട് കാണാനും അവസരം ലഭിച്ചു. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ കുടുംബചിത്രങ്ങൾക്കും റൊമാന്റിക് കോമഡിക്കും ശേഷം മാരുതി ഒരുക്കുന്ന ചിത്രമാണ് ‘രാജാസാബ്’. കരിയറിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന ‘രാജാസാബ്’ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി ഡിസംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. എസ്. തമൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാർത്തിക് പളനി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

മോഹൻലാൽ – അമൽ നീരദ് ടീമിനൊപ്പം ആസിഫ് അലി ?; ചിത്രം ഒക്ടോബറിൽ തുടങ്ങുന്നു

“ഇന്നത്തെ ലോകത്തിന് ആവശ്യമായ സിനിമ, എന്നെ വിശ്വസിച്ച് ‘കുബേര’ കാണൂ”: ധനുഷ്