മോൺസ്റ്ററിന്റെ ക്ഷീണം മാറ്റാൻ പുലിമുരുകനേക്കാൾ വലിയ ആക്ഷൻ ചിത്രം, പുതിയ മോഹൻലാൽ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി വൈശാഖ്…
മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ, മലയാളത്തിലെ എക്കാലത്തേയും വലിയ ആക്ഷൻ ചിത്രമെന്ന പേര് കേട്ട പുലിമുരുകൻ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം മലയാളത്തിന് ആദ്യമായി 100 കോടി ഗ്രോസ് നേടിയ ഒരു ചിത്രവും സമ്മാനിച്ചു. എന്നാൽ അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോൺസ്റ്റർ എന്ന ചിത്രം ഒരു പരാജയമായി മാറി എന്ന് മാത്രമല്ല അതിന്റെ പേരിൽ വൈശാഖ് എന്ന സംവിധായകൻ ഏറെ വിമർശനങ്ങളും കേട്ടു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ടർബോയുടെ റിലീസിന് ശേഷം നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ തന്റെ പുതിയ മോഹൻലാൽ ചിത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് വൈശാഖ്. മോൺസ്റ്റർ എന്ന ചിത്രം വളരെ ചെറിയ കാൻവാസിൽ ഒടിടിക്ക് വേണ്ടി ചെയ്തത് ആണെന്നും, എന്നാൽ അതിന്റെ ജോലികൾ പൂർത്തിയായപ്പോൾ അത് തീയേറ്ററിൽ റിലീസ് ചെയ്യുന്ന രീതിയിലേക്ക് സാഹചര്യം മാറിയെന്നും വൈശാഖ് പറയുന്നു. തീയേറ്റർ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ അതിന് സാധിച്ചില്ല എന്നതാണ് അതിന്റെ പരാജയമെന്നും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും വൈശാഖ് വിശദീകരിച്ചു.
അത്കൊണ്ട് തന്നെ മോൺസ്റ്ററിന്റെ ക്ഷീണം മാറ്റുന്ന ഒരു വമ്പൻ ചിത്രമാണ് താൻ ഇനി മോഹൻലാലിനെ വെച്ച് ഒരുക്കാൻ പോകുന്നതെന്നും, അത് പുലിമുരുകനേക്കാൾ വലിയ പരിപാടി ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആശീർവാദ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, തന്റെയും ലാലേട്ടന്റെയും ഇപ്പോഴത്തെ തിരക്കുകൾ എല്ലാം തീർന്നു കഴിഞ്ഞാൽ ചെയ്യുമെന്നും വൈശാഖ് അറിയിച്ചു.
പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന നടന്റെ ആക്ഷൻ ചെയ്യാനുള്ള കഴിവിനെ തനിക്ക് പൂർണ്ണമായും ഉപയോഗിക്കാൻ സാധിച്ചില്ലെന്നും, അത്കൊണ്ട് തന്നെ ഇനി വരുന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ അദ്ദേഹത്തെ കൊണ്ട് വമ്പൻ ആക്ഷൻ രംഗങ്ങളാകും താൻ ചെയ്യിക്കുകയെന്നും വൈശാഖ് പറയുന്നു. തനിക്കും ലാലേട്ടനും ആക്ഷൻ എന്നാൽ വലിയ ആവേശമാണെന്നും അതാണ് തങ്ങൾ ഒരുമിച്ചു ജോലി ചെയ്യുമ്പോഴുള്ള സുഖമെന്നും വൈശാഖ് കൂട്ടിച്ചേർക്കുന്നു.
Content Summary: Vysakh promises a bigger action film than “Pulimurugan” to revive audiences after “Monster’s” disappointment.